തൃപ്പൂണിത്തുറ: നഗരസഭ വാർഷിക പദ്ധതി വികസന സെമിനാർ യു.ഡി.എഫ് കൗൺസിലർമാർ ബഹിഷ്ക്കരിച്ച് നഗരസഭാ കവാടത്തിന് മുന്നിൽ ധർണ നടത്തി. കെ.ബാബു എം.എൽ.എയെ സെമിനാറിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചും രണ്ട് വർഷമായി സെമിനാറിൽ അവതരിപ്പിക്കുന്ന പദ്ധതികളിൽ പകുതിയിലേറെ നടപ്പിലാക്കാതെ അടുത്ത വർഷം വീണ്ടും വികസന സെമിനാറിൽ ഉൾപ്പെടുത്തി പൊതുജനത്തെ അധികൃതർ കബളിപ്പിക്കുകയാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. നഗരസഭയ്ക്ക് മുന്നിൽ നടന്ന ധർണ കെ.വി. സാജു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഡി.അർജുനൻ, പി.ബി. സതീശൻ, റോയ് തിരുവാങ്കുളം, ജയകുമാർ, ശ്രീലത മധുസൂദനൻ, രോഹിണികൃഷ്ണകുമാർ, എൽസി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.