# ഉദ്ഘാടനം ചെമ്പഴന്തിയിൽ, സമാപനം അദ്വൈതാശ്രമത്തിൽ
ആലുവ: ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഏഷ്യയിലെ ആദ്യ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംസ്കാരിക വകുപ്പ് സംസ്ഥാനത്ത് ഏഴ് കേന്ദ്രങ്ങളിൽ മതസൗഹാർദ്ദ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്. ശിശുപാലൻ എന്നിവർ അറിയിച്ചു.
ഫെബ്രുവരി 17ന് ചെമ്പഴന്തിയിൽ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമാപന സമ്മേളനം മാർച്ച് എട്ടിന് ശിവരാത്രി നാളിൽ രാവിലെ പത്തിന് ആലുവ അദ്വൈതാശ്രമത്തിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഫെബ്രുവരി 18ന് ചെങ്ങന്നൂരിലെ മാന്നാനത്ത് അബ്ദുൾ സമദ് സമദാനി, 24ന് കൊല്ലത്ത് മുൻ മന്ത്രി എം.എ. ബേബി, കോട്ടയത്ത് മന്ത്രി വി.എൻ. വാസവൻ, പാലക്കാട് കൊല്ലംങ്കോട് മുൻ മന്ത്രി എ.കെ. ബാലൻ, മാർച്ച് രണ്ടിന് കണ്ണൂർ പയ്യന്നൂരിൽ മുൻമന്ത്രി കെ.കെ. ഷൈലജ എന്നിവരും സംഗമം ഉദ്ഘാടനം ചെയ്യും.
സാംസ്കാരിക വകുപ്പിന് കീഴിലുള്ള ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിനാണ് പരിപാടികളുടെ സംഘാടന ചുമതല.
ആലുവയിൽ സ്വാഗതസംഘം രൂപീകരണം 28ന്
ആലുവ: സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംസ്കാരിക വകുപ്പ് മാർച്ച് എട്ടിന് ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിക്കുന്ന മതസൗഹാർദ്ദ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ജനുവരി 28ന് വൈകിട്ട് നാലിന് അദ്വൈതാശ്രമത്തിൽ നടക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാൻ, അൻവർ സാദത്ത് എം.എൽ.എ, ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്. ശിശുപാലൻ എന്നിവർ അറിയിച്ചു.