കൊച്ചി: ആദിവാസി ദളിത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗ്രാന്റുകൾ വൈകുന്നതിനെതിരെ ആദിവാസി ഗോത്രമഹാസഭയും ആദിശക്തി സമ്മർ സ്‌കൂളും സംയുക്തമായി നാളെ എറണാകുളം സി. അച്യുതമേനോൻ ഹാളിൽ ഇ ഗ്രാൻഡ് സംരക്ഷണ കൺവെൻഷൻ സംഘടിപ്പിക്കും. രാവിലെ 10ന് ആരംഭിക്കുന്ന കൺവെൻഷനിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും, പൗരാവകാശ സംഘടനാ പ്രവർത്തകരും പങ്കെടുക്കും. ആദിവാസി ദളിത് വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനായി നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് മാസങ്ങളുടെ കുടിശികയാണ് വരുത്തിയിട്ടുള്ളത്. വിദ്യാർത്ഥികളുടെ പഠനത്തെ പോലും ഇത് പ്രതികൂലമായി ബാധിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതത് മാസം വിദ്യാർത്ഥികൾക്ക് ഗ്രാൻഡ് കിട്ടുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ട്യൂഷൻ ഫീസ് വർഷാവസാനം നൽകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എം. ഗീതാനന്ദൻ, മേരി ലിഡിയ, സി.എം.അജിത്, ടി.ജി. സജിത്, സതിശ്രീ ദ്രാവിഡ് എന്നിവർ പങ്കെടുത്തു.