
കൊച്ചി: വൈസ് ചാൻസലർമാരെ പുറത്താക്കുന്ന കാര്യത്തിൽ ചാൻസലറായ ഗവർണർ അവരുടെ ഭാഗംകൂടി കേട്ട് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഗവർണറുടെ തീരുമാനം എതിരാണെങ്കിൽ അപ്പീൽ നല്കാനുള്ള സാവകാശം കണക്കിലെടുത്ത് 10 ദിവസത്തേക്ക് നടപ്പാക്കരുതെന്നും ജസ്റ്റിസ് മുഹമ്മദ് നിയാസ് നിർദ്ദേശിച്ചു.
ഗവർണറുടെ നോട്ടീസിനെതിരെ കാലടി ശ്രീശങ്കരാചാര്യ വി.സി ഡോ. എം.വി. നാരായണൻ, കാലിക്കറ്റ് വി.സി എം.കെ. ജയരാജ്, കേരള ഡിജിറ്റൽ വി.സി ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വി.സി ഡോ. പി.എം. മുബാറക് പാഷ എന്നിവർ നല്കിയ ഹർജികൾ കോടതി തീർപ്പാക്കി.
രാജശ്രീ കേസിൽ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ സർവകലാശാലകൾക്കും ബാധകമാണെങ്കിലും ഹർജിക്കാരുടെ കാര്യത്തിൽ നിയമനം യു.ജി.സി ചട്ടപ്രകാരമായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി.
സാങ്കേതിക സർവകലാശാല വി.സി ആയിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പുറത്താക്കിയതിന് പിന്നാലെയാണ് 2022 ഒക്ടോബർ 24, 25 തീയതികളിൽ ഗവർണർ മറ്റ് വി.സിമാർക്ക് നോട്ടീസ് നല്കിയത്. ഇതിനെതിരെയാണ് വി.സിമാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ തീർപ്പുണ്ടാകുംവരെ ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് കോടതി നേരത്തേ വിലക്കിയിരുന്നു.