കൊച്ചി: ലഹരിക്കെതിരെ കൊച്ചി എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയും സംയുക്തമായി സംഘടിപ്പിച്ച മയക്കുമരുന്ന് വിരുദ്ധ സദസ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഉദ്ഘാടനം ചെയ്തു. ശിഥിലമായ ബന്ധങ്ങളിൽ നിന്നാണ് ലഹരിക്ക് കുട്ടികൾ അടിപ്പെട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ മാനസികമായി കുട്ടികളോട് അടുപ്പം കാണിക്കാതിരിക്കരുതെന്നും മാതാപിതാക്കളുടെ സാമീപ്യം കുട്ടികളെ സ്വാധീനിക്കുമെന്നും ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് പറഞ്ഞു.
'ലഹരിയോടല്ല പ്രകൃതിയോടൊപ്പം' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ജാഗ്രതാ സദസിൽ കൊച്ചി കോർപ്പറേഷൻ പിരിധിയിലുള്ള എയ്ഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നും അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മനുഷ്യാവകാശ ഫോറം കേരള, എഡ്രാക്ക് തുടങ്ങി പന്ത്രണ്ടോളം സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സദസ്. വിദ്യാർത്ഥികൾക്കുള്ലൃള ഫുട്‌ബാൾ വിതരണം മേയർ നിർവഹിച്ചു. 'യു കാൻ ഹീൽ ' കോഓർഡിനേറ്റർ ജോഷി തെരേസാസ് പദ്ധതി അവതരണം നടത്തി. പരാതിക്കാരന്റെ പേര് വെക്കാതെ പരാതി നിക്ഷേപിക്കാനുള്ള പെട്ടികൾ മനുഷ്യാവകാശ ഫോറം കേരള സുഭാഷ് പാർക്കിലും കൊച്ചി കോർപറേഷൻ ഓഫീസിലും സ്ഥാപിക്കാനായി ചടങ്ങിൽ കൈമാറി. മേയർ അഡ്വ. എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം. വർഗീസ് മയക്കുമരുന്ന് വിരുദ്ധ സന്ദേശം നൽകി. ജില്ല ജഡ്ജി ജോഷി ജോൺ മയക്കു മരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. എ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.