
കൊച്ചി: വള്ളിയമ്മയ്ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ കോർപ്പറേഷൻ കനിയണം. ജീവിനോപാതി കുഞ്ഞുകടയ്ക്ക് ലൈസൻസ് നൽകിയാലെ വള്ളിയമ്മയ്ക്ക് പേടികൂടാതെ കച്ചവടം നടത്താനാവൂ. കച്ചേരിപ്പടിയിലാണ് വള്ളിയമ്മയുടെ കട. ഹൃദ്രോഗിയും 65 വയസുകാരിയായ വള്ളിയമ്മയുടെ കട കോർപ്പറേഷൻ നാളുകൾക്ക് മുമ്പ് പൊളിച്ചിരുന്നു. ഭക്ഷണവിതരണ സ്ഥാപനത്തിനുള്ള ലൈസൻസായിരുന്നു കോർപ്പറേഷനിൽ നിന്ന് ലഭിച്ചിരുന്നത്. എന്നാൽ വള്ളിയമ്മയുടെ കടയിൽ ലോട്ടറിയും മറ്റ് സാധനങ്ങളുമാണ് വിറ്റിരുന്നത്. ഇതിനാലാണ് കോർപ്പറേഷൻ കട പൊളിച്ചുമാറ്റി. ഈ സ്ഥലത്ത് ടർപ്പോളിൻ കെട്ടിയാണ് ഇപ്പോഴത്തെ വള്ളിയമ്മയുടെ കച്ചവടം.
15 വർഷം മുമ്പ് ഭർത്താവ് മദനഗോപാലാണ് കട ആരംഭിച്ചത്.
ഏഴുവർഷം മുമ്പ് ഭർത്താവിന്റെ മരണത്തോടെ വള്ളിയമ്മ കടയേറ്രെടുത്തു. നാല് മക്കളാണ് വള്ളിയമ്മയ്ക്കുള്ളത്. ഇവരിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു. ഒരു മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പാണ് താമസം. ഒരു മകളെ കോഴിക്കോടാണ് വിവാഹം കഴിപ്പിച്ചത്. മറ്റൊരു മകനും കുടുംബവും മാറി താമസിക്കുകയാണ്.
രാവിലെ ഓട്ടോയിൽ കടയിൽ വന്നിറങ്ങും. ലോട്ടറിയും മറ്റും വില്പന നടത്തിയാൽ ചെറിയ തുക ലഭിക്കും. സമീപത്തുള്ളവർ നൽകുന്നതാണ് ആകെയുള്ള ഭക്ഷണം. ഒരുമാസം മരുന്നുവാങ്ങാൻ തന്നെ 5000 രൂപയോളം ചെലവ് വരും. എന്നാൽ ഇതിനനുസരിച്ച് വരുമാനമില്ല. ക്ഷേമ പെൻഷനും മുടങ്ങിയിട്ട് നാളുകളായി. മരുന്ന് വാങ്ങാനെങ്കിലും വള്ളിയമ്മയ്ക്ക് സഹായം വേണം. എന്നും കച്ചവടം കഴിഞ്ഞ് മടങ്ങുന്നത് ഭീതിയോടെയാണെന്ന് വള്ളിയമ്മ പറയുന്നു. പിറ്റേദിവസം വരുമ്പോൾ സാധനങ്ങൾ ഉണ്ടാവുമോയെന്ന ഭയമാണ്. കോർപ്പറേഷനിൽ ലൈസൻസിനായി അപക്ഷേ നൽകിയിട്ടുണ്ട് ഇത് ലഭിച്ചാൽ ആശ്വാസമാകുമെന്ന് വള്ളിയമ്മ പറയുന്നു.