ആലുവ: ആലുവ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസും ഭാരത മാത സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസും സംയുക്തമായി താലൂക്കുതല ദേശീയ സമ്മതിദായക ദിനാഘോഷം സംഘടിപ്പിച്ചു. ഭാരത മാത സ്‌കൂൾ ഒഫ് ലീഗൽ സ്റ്റീഡിസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ ഉദ്ഘാടനം ചെയ്തു. ആലുവ താലൂക്ക് തഹസിൽദാർ സുനിൽ മാത്യു അദ്ധ്യക്ഷത വഹിച്ചു.

യുവതലമുറയെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുന്നതിനും സജീവമാക്കുന്നതിനും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്, ആലുവ യു.സി കോളേജ്, അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ്, കാലടി ശ്രീശങ്കര കോളേജ്, കെ.എം.ഇ.എ കോളേജ് കുഴിവേലിപ്പടി, അൽ അമീൻ കോളേജ് എടത്തല, ചൂണ്ടി ഭാരത മാത സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് എന്നിവയിലെ ഇലക്ടറൽ ലിറ്ററസി ക്ലബുകളെ ആദരിച്ചു. ആലുവ താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ ടി.ജി. ദേവസി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.പി.ഉദയകുമാർ, പ്രേമാനന്ദൻ, സുരേന്ദ്രൻ, വി.ജി.സനിമോൻ എന്നിവർ സംസാരിച്ചു.