കോലഞ്ചേരി: ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ കേസെടുത്ത നടപടിയും പ്രസംഗത്തിന്റെ പേരിൽ എടുക്കുന്ന കള്ളക്കേസും ജനാധിപത്യത്തിന്റെ മുഖത്തേല്പിക്കുന്ന വെട്ടുകളാണെന്ന് ട്വന്റി20 പാർട്ടി നേതൃത്വം പത്രക്കുറിപ്പിൽ അറിയിച്ചു. പൊലീസ്‌ നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് പാർട്ടിയുടെ പ്രസിഡന്റിനെ നിശബ്ദമാക്കാനാണ് സി.പി.എമ്മും എം.എൽ.എയും ശ്രമിക്കുന്നത്.

രാഷ്ട്രീയവിമർശനങ്ങളെ കടുത്ത അസഹിഷ്ണുതയോടെയാണ് ഇവർ കാണുന്നത്.

ജനാധിപത്യവ്യവസ്ഥയിൽ സർക്കാരുകളെ വിമർശിക്കാനുള്ള സ്വാതന്ത്റ്യം ഏതൊരു പൗരനുമുണ്ട്. ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് കള്ളക്കേസ്. മുഖ്യമന്ത്റിയും മന്ത്റിമാരും പങ്കെടുത്ത നവകേരളസദസിനേക്കാൾ നാലിരട്ടി ആളുകളെ പങ്കെടുപ്പിച്ച് അതേവേദിയിൽത്തന്നെ ട്വന്റി20 മഹാസമ്മേളനം സംഘടിപ്പിച്ചതിനുശേഷം ജില്ലയിൽ സി.പി.എമ്മിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതാണ് സി.പി.എമ്മിനെയും എം.എൽ.എയെയും വിറളി പിടിപ്പിക്കുന്നതെന്നും ട്വന്റി20 ആരോപിക്കുന്നു.