കോലഞ്ചേരി: സാബു എം. ജേക്കബിന്റെ ഏകാധിപത്യ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിന് അപമാനമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു. പി.വി. ശ്രീനിജിൻ എം.എൽ.എയെ ജാതീയവും വംശീയവുമായി ആക്ഷേപിച്ച് പ്രസംഗിച്ച സാബുവിന്റെ നടപടിക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ കോലഞ്ചേരിയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആനുകൂല്യങ്ങൾ നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുന്ന രാഷ്ട്രീയത്തിന് അധികനാൾ തുടരനാവില്ല. എല്ലാ പഞ്ചായത്തുകളിലും ഭരണംകിട്ടിയാൽ ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് തുടങ്ങുമെന്ന് പറഞ്ഞ് വോട്ടുപിടിച്ചവർ ഭരണം കിട്ടിയപ്പോൾ വാക്കുമാറിയത് ഇതിന് ഉദാഹരണമാണ്. എം.എൽ.എയ്ക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് സി.എൻ. മോഹനൻ പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി. ജോസഫ് അദ്ധ്യക്ഷനായി.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി. ദേവദർശനൻ, എൽ.ഡി.എഫ് ജില്ലാകൺവീനർ ജോർജ് ഇടപ്പരത്തി, നേതാക്കളായ സി.കെ. വർഗീസ്, മോളി വർഗീസ്, സി.എം. അബ്ദുൾ കരിം, പൗലോസ് മുടക്കന്തല, എം.പി. നാസർ, റെജി സി. വർക്കി എന്നിവർ സംസാരിച്ചു.