കൊച്ചി: കൊച്ചി കോർപ്പറേഷൻ പള്ളുരുത്തി മേഖലാ ഓഫീസിന് കീഴിലെ മൂന്നു മാർക്കറ്റുകളുടെ ലേലം 2022-23 വർഷം നടത്തിയില്ല. നവീകരണം വൈകുന്നതാണ് കാരണം. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ടിലാണ് പരാമർശം

കച്ചേരിപ്പടി ഫിഷ് മാർക്കറ്റ്, വലിയകുളം മാർക്കറ്റ്, ഇടക്കൊച്ചി മത്സ്യമാർക്കറ്റ്, ഇടക്കൊച്ചി പഷ്ണിത്തോട് മാർക്കറ്റ് എന്നിവിടങ്ങളിലാണ് ലേലം നടക്കാത്തത്. നഗരസഭയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ലേലത്തിന് വേണ്ടത്ര പ്രാധാന്യം നൽകി മാർക്കറ്റുകളും ഗ്രൗണ്ടുകളും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നവീകരിക്കണം. നഗരസഭയുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

കച്ചേരിപ്പടി ഫിഷ് മാർക്കറ്റ്
കച്ചേരിപ്പടി ഫിഷ് മാർക്കറ്റിലെ 48 സ്റ്റാളുകളും മറ്റ് കടമുറികളും വർഷങ്ങളിലായി അറ്റകുറ്റപ്പണികൾക്കായി ഒഴിച്ചിട്ടിരിക്കുന്നതാണ് രേഖകളിലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇവയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടോ എന്ന വിവരവും പണി ഏത് ഘട്ടത്തിലായി എന്ന വിവരവും നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ മറുപടിയിൽ ഇവിടെ വെള്ളവും വൈദ്യുതിയും ഇല്ലാത്തത് കച്ചവടത്തെ ബാധിക്കുമെന്നതിനാൽ സ്റ്റാളുകൾ ഏറ്റെടുക്കാൻ ആളുകൾ മുന്നോട്ട് വരുന്നില്ലെന്നാണ് ലഭ്യമായത്. മാർക്കറ്റിന്റെ നവീകരണം നടത്തുന്നതിന് അസിറ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തുടർന്ന് നടപടി വിവരം ലഭ്യമായിട്ടില്ലെന്നാണ് മറുപടി.

വലിയകുളം മാർക്കറ്റ്
വലിയകുളം മാർക്കറ്റിൽ നിലവിലുള്ള ഷെഡിന്റെ മേൽക്കൂര ജീർണാവസ്ഥയിലായതിനാൽ ലേലം നടക്കുന്നില്ല. ഇവിടെ വാട്ടർ കണക്ഷനും വൈദ്യുതിയുമില്ല. എന്നാൽ ഇതിന്മേലുള്ള തുടർ നടപടിയെപ്പറ്റി വിവരം ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


ഇടക്കൊച്ചി മത്സ്യമാർക്കറ്റ്
ഇടക്കൊച്ചി മത്സ്യമാർക്കറ്റിൽ നിലവിലുള്ള ജീർണിച്ച കെട്ടിടം പൊളിച്ചുമാറ്റി കിഫ്ബി ഫണ്ടുപയോഗിച്ച് പുനർനിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി റിപ്പോർട്ട്.


ഇടക്കൊച്ചി പഷ്ണിത്തോട് മാർക്കറ്റ്
2021-22 വർഷത്തിൽ ഇടക്കൊച്ചി പഷ്ണിത്തോട് മർക്കറ്റിലെ ലേലത്തുക 20000 രൂപയായിരുന്നു. എന്നാൽ 2022-23ൽ ഇത് 13000 ആയി കുറഞ്ഞു. ലേലം കുറയാൻ കാരണം മാർക്കറ്റിലേക്ക് പൊതുജനങ്ങൾക്ക് എത്തിപ്പെടാനുള്ള അസൗകര്യങ്ങളാണെന്നും മാർക്കറ്റ് നവീകരിക്കുകയാണ് ഇതിനുള്ള പോംവഴിയെന്നും കണ്ടെത്തി. തുടർന്ന് ജോയിന്റ് കോർപ്പറേഷൻ സെക്രട്ടറി 2023 മാർച്ച് 13ന് മാർക്കറ്റ് നവീകരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് സ്വീകരിച്ച തുടർനടപടികളുടെ വിവരം ആവശ്യപ്പെട്ട് നൽകിയ ഓഡിറ്റ് എൻക്വയറിക്ക് ലഭിച്ച മറുപടിയിൽ മാർക്കറ്റിന്റെ മുകളിൽ ഡ്രെയിനുള്ളതിനാൽ നവീകരണം നടത്താന നിർവാഹമില്ലെന്ന് ലഭ്യമായി.