
കൊച്ചി: ഹൈക്കോടതിയിലെ ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷത്തിൽ ജീവനക്കാർ അവതരിപ്പിച്ച സ്കിറ്റിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ ഹൈക്കോടതി രജിസ്ട്രാർ (വിജിലൻസ്) അന്വേഷണം തുടങ്ങി. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായിയുടെ നിർദ്ദേശപ്രകാരമാണിത്. ഭരണവിഭാഗം രജിസ്ട്രാറോട് വിശദീകരണം തേടിയിട്ടുമുണ്ട്.
സ്കിറ്റിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച അസിസ്റ്റന്റ് രജിസ്ട്രാർ ടി.എ. സുധീഷ്, കോർട്ട് കീപ്പർ പി.എം. സുധീഷ് എന്നിവരെ ചടങ്ങുനടന്ന വെള്ളിയാഴ്ച തന്നെ സസ്പെൻഡ് ചെയ്തിരുന്നു. പരിപാടികൾ ദേശീയോദ്ഗ്രഥനം വിഷയമാക്കിയുള്ളതാകണമെന്ന പ്രോഗ്രാം കമ്മിറ്റിയുടെ നിർദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് ഹൈക്കോടതിയുടെ പത്രക്കുറിപ്പിൽ പറയുന്നു.
ഹൈക്കോടതി ഓഡിറ്റോറിയത്തിൽ അരങ്ങേറിയ 'വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ" എന്ന സ്കിറ്റാണ് വിവാദമായത്. ഭാരതീയ അഭിഭാഷകപരിഷത്തും ബി.ജെ.പി ലീഗൽ സെല്ലും പ്രധാനമന്ത്രിയുടെ ഓഫീസിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമമന്ത്രി എന്നിവർക്കും പരാതി നൽകിയിരുന്നു.
ഹൈക്കോടതിയിലെയും അഡ്വ. ജനറൽ ഓഫീസിലെയും ജീവനക്കാരാണ് 10 മിനിട്ട് നീണ്ട സ്കിറ്റിൽ പങ്കെടുത്തത്. അസി. രജിസ്ട്രാർ ടി.എ. സുധീഷിന്റേതാണ് രചന. കോർട്ട് കീപ്പർ പി.എം. സുധീഷ് വേഷമിട്ട, വെള്ളത്താടിവച്ച് നരേന്ദ്ര മോദിയുടെ ശരീരഭാഷയുള്ള കഥാപാത്രമാണ് കൂടുതൽ സംസാരിക്കുന്നത്. 'ആസാദി കാ അമൃത് മഹോത്സവ"ത്തെ പരിഹസിക്കുന്നതായും രാജ്യം സ്വാതന്ത്ര്യം നേടിയിട്ടില്ലെന്നുപോലും സൂചിപ്പിക്കുന്നതായും അഭിഭാഷക പരിഷത്ത് ആരോപിച്ചു.
സർക്കാരിനെ അപകീർത്തിപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്ന ഉള്ളടക്കം പരിപാടിയിലുണ്ടെന്ന് രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഹൈക്കോടതി സർവീസ് ചട്ടങ്ങളും കേരള സിവിൽ സർവീസ് ചട്ടങ്ങളും അനുസരിച്ചാണ് നടപടി. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും അന്വേഷണം തുടങ്ങി.
മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അനുവാദമില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. ഹൈക്കോടതി ജീവനക്കാരുടെ കലാസാംസ്കാരിക സംഘടന 'സമന്വയ"യുടെ നേതൃനിരയിലുള്ള ടി.എ. സുധീഷ് സർവീസ് സംഘടനയുടെ ഭാരവാഹിയുമാണ്. പി.എം. സുധീഷ് കഴിഞ്ഞവർഷത്തെ മികച്ച ജീവനക്കാരിൽ ഒരാളാണ്. സ്കിറ്റ് അരങ്ങേറിയ ദിവസം തന്നെയാണ് പുരസ്കാരം സ്വീകരിച്ചത്. കലാപരിപാടികൾ കാണാൻ മൂന്ന് ജഡ്ജിമാരും സന്നിഹിതരായിരുന്നു.
 'പ്രോഗ്രാം കമ്മിറ്റിയെ മാറ്റിനിറുത്തണം
സാധാരണഗതിയിൽ ജഡ്ജിമാരടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിയുടെ സ്ക്രീനിംഗിനു ശേഷമാണ് വേദി അനുവദിക്കാറുള്ളത്. അതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം. പ്രോഗ്രാം കമ്മിറ്റിയെ മാറ്റിനിറുത്തി വേണം അന്വേഷണം.
- അഡ്വ.എം.എൻ. മന്മഥൻ ( അഭിഭാഷകപരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റ്)
 വിവാദ സംഭാഷണം
നരേന്ദ്ര മോദിയുമായി സാദൃശ്യമുള്ള കഥാപാത്രം കേന്ദ്ര പദ്ധതികളെയും പ്രധാനമന്ത്രിയുടെ പ്രസംഗ ശൈലിയെയും പദപ്രയോഗങ്ങളെയും പരിഹസിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വിദേശയാത്രകളെയും മറ്റും അവഹേളിക്കുന്നുമുണ്ട്.