
കൊച്ചി: തെങ്ങിൽ കയറാതെ കള്ള് ചെത്താൻ സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ച 'സാപ്പർ" മെഷീൻ വിപണിയിലെത്തുംമുമ്പേ നൂറിലേറെ ഓർഡർ. തൃശൂർ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിക്കാണ് നൂറെണ്ണം. മലേഷ്യയിലേക്ക് അഞ്ചെണ്ണം ഉടൻ അയയ്ക്കും.
തൃശൂർ കമ്പനിയുടെ തൃശൂർ കുട്ടനല്ലൂരിലെ തോപ്പിൽ രണ്ടു മാസമായി നീര ചെത്തുന്ന നാല് മെഷീനുകളുടെ പ്രവർത്തനം ഉഷാറാണ്. വാണിജ്യോത്പാദനം മൂന്നു മാസത്തിനുള്ളിൽ തുടങ്ങും. ഫിലിപ്പീൻസ്, ശ്രീലങ്ക, ഇൻഡോനേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അന്വേഷണമുണ്ട്.
കൊച്ചി മേക്കർ വില്ലേജിൽ 2016ൽ തുടങ്ങിയ നവ ഡിസൈൻ ആൻഡ് ഇന്നവേഷൻസാണ് സാപ്പറിനു പിന്നിൽ. സൗരോർജ രംഗത്തുള്ള തൃശൂരിലെ ഹൈക്കോൺ ഇന്ത്യയുടെ ക്രിസ്റ്റോ ജോർജും പ്രവാസി വ്യവസായി മനോജ് വി. രാമനുമാണ് നിക്ഷേപകർ. 20 കോടിയോളം രൂപയാണ് കമ്പനിമൂല്യം. 2020ൽ ദേശീയ സ്റ്റാർട്ടപ്പ് അവാർഡും നാളികേര വികസന ബോർഡിന്റെ ബെസ്റ്റ് മെഷിനറി അവാർഡും സാപ്പറിന് ലഭിച്ചു.
മൊബൈൽ ആപ്പ് വഴി നിയന്ത്രിക്കാം
'സാപ്പർ" ചെറിയൊരു റോബോട്ടാണ്. പ്രവർത്തനം സ്മാർട്ട് ഫോൺ ആപ്പ് വഴി നിയന്ത്രിക്കാം. പ്രോഗ്രാം അനുസരിച്ച് പ്രവർത്തിക്കും. മെഷീൻ കുലയിൽ ഘടിപ്പിക്കാനും മാറ്റിവയ്ക്കാനും മാത്രം തെങ്ങിൽ കയറിയാൽ മതി. കള്ള് ട്യൂബിലൂടെ താഴെയെത്തും. കള്ളിനുവേണ്ടിയാണ് ചെത്തെങ്കിൽ ദിവസം ഒരു പ്രാവശ്യവും നീരയ്ക്കാണെങ്കിൽ രണ്ട് തവണയും മറ്റൊരു ട്യൂബിലൂടെ ചൂടുവെള്ളം കയറ്റിവിട്ട് കഴുകണം.
• പ്രവർത്തനം റീച്ചാർജബിൾ ബാറ്ററിയിൽ
• 10മെഷീൻ ചാർജ് ചെയ്യാൻ ഒരു മാസത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതി
• സോളാർ പാനലും ഘടിപ്പിക്കാം
• കുറഞ്ഞത് അഞ്ചുവർഷം പ്രവർത്തിക്കും
വില 25000
മലേഷ്യയിലേക്കുള്ള മെഷീന് 25,000 രൂപയാണ് വില. ഇന്ത്യയിലെ വില ഇത്രയും വരില്ല. സബ്സിഡി ലഭിക്കാനും സാദ്ധ്യത.
''ചെത്താൻ ആളെ കിട്ടാത്ത പ്രശ്നത്തിന് പരിഹാരമാണ് സാപ്പർ. കർഷകർക്ക് നല്ല വരുമാനവും ലഭിക്കും. തെങ്ങുകൃഷിയുള്ള 28വിദേശരാജ്യങ്ങളിൽ സാപ്പറിന് പേറ്റന്റ് എടുത്തിട്ടുണ്ട്.
വി.ചാൾസ് വിജയ്
ഫൗണ്ടർ & സി.ഇ.ഒ
നവ ഡിസൈൻ & ഇന്നൊവേഷൻസ്
"സാപ്പർ നീര ഉത്പാദനത്തിന് വലിയ പ്രതീക്ഷയാണ്
ഇ.വി. വിനയൻ, ചെയർമാൻ
തൃശൂർ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി