y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ നിർദ്ദിഷ്ഠ മെട്രോ സ്റ്റേഷനിൽ ആധുനിക കൊച്ചിയുടെ പിതാവായ സർ രാജർഷി രാമവർമ്മയുടെ പൂർണകായ ചിത്രം സ്ഥാപിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഒരുങ്ങുന്നു. ഫെബ്രുവരി മൂന്നിന് അഞ്ചു മണിക്ക് തൃപ്പൂണിത്തുറ കളിക്കോട്ടയിൽ വച്ചു നടക്കുന്ന രാജർഷി അനുസ്മരണ ചടങ്ങിൽ വച്ച് കെ.എം.ആർ.എല്ലിന്റെ മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്റ കൊച്ചി രാജകുടുംബം ഫൗണ്ടേഷനിൽ നിന്ന് ചിത്രം ഏറ്റുവാങ്ങും. കെ. ബാബു എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊച്ചി രാജകുടുംബം ഫൗണ്ടേഷൻ പ്രസിഡന്റ് രാമഭദ്രൻ തമ്പുരാൻ അദ്ധ്യക്ഷനാകും. പ്രമുഖ ചരിത്രകാരനും പ്രാസംഗികനുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രാജർഷി അനുസ്മരണ പ്രഭാഷണം നടത്തും.

1895 മുതൽ 1914 വരെ കൊച്ചി രാജ്യം ഭരിച്ച രാജർഷി രാമവർമ്മയുടെ ശ്രമഫലമായിട്ടാണ് ഷൊർണൂരിൽ നിന്ന് എറണാകുളത്തേയ്ക്ക് തീവണ്ടി കൊണ്ടുവന്നത്. അതോടെയാണ് കൊച്ചി ഇന്ത്യയിലെ തീവണ്ടി ശൃംഖലയാകുകയും നഗരത്തിന്റെ വികസനത്തിന് വഴി തെളിഞ്ഞതും. കൊച്ചിയിലെ പ്രാദേശികഭരണം കാര്യക്ഷമമാക്കാനായി രാജർഷി മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും സ്ഥാപിച്ചു. പറമ്പിക്കുളത്തു നിന്ന് ചാലക്കുടിവരെ മരം കൊണ്ടുവരാൻ ട്രാംവേ പണിഞ്ഞതും കൊച്ചി തുറമുഖ വികസനത്തിന് മുൻകൈ എടുത്തതും രാജർഷിയാണ്. തൃപ്പൂണിത്തുറയിൽ സംസ്കൃതപാഠശാല സ്ഥാപിച്ചു. കൊച്ചി രാജ്യത്ത് ആദ്യമായി കിടത്തി ചികിത്സിക്കുന്ന ആശുപത്രികളുണ്ടാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്.