g

കുട്ടികൾ സ്‌നേഹം കൊണ്ട് പറയുന്നതും ചെയ്യുന്നതും കുസൃതിയായി കണ്ട് പ്രോത്സാഹിപ്പിക്കാതെ മുഖം വീർപ്പിക്കുന്നതും കാറിൽ നിന്ന് ചാടിയിറങ്ങി തല്ലാൻ ചെല്ലുന്നതും ചീത്തവിളിക്കുന്നതും മൂരാച്ചി കാരണവൻമാരുടെ സ്വഭാവമാണ്. ചാരുകസേരയുടെ കോൽ ഊരിമാറ്റുക, ഉറങ്ങുമ്പോൾ മൂക്കിനുള്ളിൽ ഉറുമ്പിനെ കയറ്റിവിടുക, കട്ടിലിനു താഴെ പടക്കം പൊട്ടിക്കുക, മൂക്കിപ്പൊടിയിൽ മുളകുപൊടി ചേർക്കുക എന്നിങ്ങനെ ഒരുപാട് കലാപരിപാടികളുണ്ടെങ്കിലും അപകടം ഒട്ടുമില്ലാത്ത, കൊടിപൊക്കുകയെന്ന 'ജൗളിപ്രയോഗം" മാത്രം നടത്തുന്ന കുട്ടികളോട് ഗവർണറപ്പൂപ്പൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് കഷ്ടമാണ്. സംഘികളുമായി കൂട്ടുകൂടി മുരടനും മൂരാച്ചിയുമായി മാറി പുരോഗമനപരമായ കുസൃതികളെ തിരിച്ചറിയാതെ പോകുന്നു. പ്രതികരിക്കുന്ന യുവത്വം മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി പൊക്കുകയും ചെയ്യും. കൂട്ടത്തിൽ ചില സ്വതന്ത്ര ചിന്താഗതിക്കാർ സ്വതന്ത്രമായി പ്രതികരിച്ചെന്നുമിരിക്കും. ഒന്നും കണ്ടില്ല, കേട്ടില്ല എന്നു കരുതി പോയാൽ ഒരു പ്രശ്‌നവുമില്ല. അതിനു പകരം, വഴിയിൽ കുത്തിയിരുന്ന് ബഹളം വച്ച് സാംസ്‌കാരിക കേരളത്തെ അപമാനിക്കുകയും കുട്ടികളെ പൊലീസ് ഭീകരന്മാരെക്കൊണ്ട് പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതു കേരളമാണെന്നും സംഘിസ്ഥാൻ അല്ലെന്നും ആരിഫ്ജി മനസിലാക്കിയില്ലെങ്കിൽ ഇനിമുതൽ രാജ്ഭവനിൽ നിന്ന് ഹെലികോപ്ടറിൽ യാത്ര ചെയ്യേണ്ടിവരും.

മാന്യന്മാർ ഇരിക്കുന്നിടത്ത് അപ്പനെന്താ കാര്യമെന്ന് ചോദിക്കുന്ന മക്കളുടെ കാലമാണ് കാലികാലമെന്ന് ഈശ്വരവിശ്വാസിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇനിയെങ്കിലും മനസിലാക്കണം. വടക്കൻ കുട്ടികൾ തനി വെടക്കന്മാരാണെങ്കിൽ തെക്കൻ കുട്ടികൾ വിദ്യാസമ്പന്നരാണ്. പഠിക്കാനുള്ള ശുഷ്കാന്തി തീരാത്തതിനാൽ ഒരുപാട് മൂത്തുപോയിട്ടും കുട്ടികളായി കോളേജുകളിൽ തുടരുന്നവരുമുണ്ട്.
സമാനമായ രീതിയിൽ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്ത യൂത്തന്മാരെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഗവർണർ മനസിലാക്കണം. മുഖ്യമന്ത്രി വാഹനത്തിനു പുറത്തിറങ്ങുകയോ ബഹളമുണ്ടാക്കുകയോ ചെയ്തില്ല. കൊടികാണിച്ചവരെയും വാഹനത്തിനു മുന്നിൽ ചാടിവീണവരെയും പൊലീസ് മാമന്മാർ അടുത്തുള്ള ഹോട്ടലുകളിലേക്ക് എടുത്തുകൊണ്ടു പോയി പൊറോട്ടയും ബീഫ് കറിയും വാങ്ങിക്കൊടുത്താണ് മാതൃകയായത്.

നിസാര കാര്യത്തിന് വഴക്കുണ്ടാക്കി സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ഗവർണർ നടത്തിയതെന്ന് ഇപ്പോൾ വ്യക്തമായി. പട്ടാളത്തെയിറക്കി കേരള പൊലീസിനെ വേട്ടയാടാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ കേന്ദ്രപൊലീസും പിന്നീട് പട്ടാളവും ഇറങ്ങും. സംഘി ഗവർണർമാർ പല സംസ്ഥാനങ്ങളിലും കലാപം അഴിച്ചുവിടുകയാണ്. വഴക്കാളിയായ ഗവർണർക്ക് കേന്ദ്രപൊലീസിന്റെ സംരക്ഷണം നല്കാൻ കേന്ദ്രത്തിലെ സംഘിസർക്കാർ തീരുമാനിച്ചതോടെ കാര്യങ്ങൾ മാറിമറിയുകയാണ്.

കൊടിപൊക്കിയാൽ വെടിവയ്ക്കുമോയെന്ന ചർച്ച തുടങ്ങിക്കഴിഞ്ഞു. പിള്ളേരെ കൈകാര്യം ചെയ്യാൻ കേന്ദ്രത്തിന്റെ ഗുണ്ടാപൊലീസിനെ വരുത്തിയത് സംസ്ഥാനത്തിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായതിനാൽ വരുംദിവസങ്ങളിൽ എന്തും സംഭവിക്കാം. വടക്കൻ പൊലീസിന്റെ അടി കൊച്ചു സഖാക്കൾ താങ്ങുമോയെന്നആസ്ഥാന കവികളുടെ ആശങ്ക വരുംദിവസങ്ങളിൽ കവിതയായി പെയ്‌തേക്കാം. ഒരു കാര്യം ഇനിയെങ്കിലും സംഘികൾ മനസിലാക്കണം; സർ സി.പിയുടെ പട്ടാളത്തിന്റെ യന്ത്രത്തോക്കുകളെ വാരിക്കുന്തംകൊണ്ടു നേരിട്ട ധീരന്മാരുടെ നാടാണിത്. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവല്ല കേരള മുഖ്യനെന്ന് ചരിത്രമറിയാവുന്ന കെ.സുരേന്ദ്രൻജി ഗവർണർജിയെ പറഞ്ഞു മനസിലാക്കണം.

കരുത്തോടെ

'മിസ്റ്റർ ഇന്ത്യ"

ഓപ്പറേഷൻ സക്‌സസ്, രോഗി ഠിം! എന്നത് ഡോക്ടറുടെ കുറ്റമോ കുറവോ അല്ലെന്ന് എല്ലാവർക്കുമറിയാം. മരണമൊരു മായാവിയാണെന്ന് സാഹിത്യകാരന്മാരും പറഞ്ഞിട്ടുണ്ട്. പക്ഷേ, സൂപ്പർ ടീമിന്റെ സ്റ്റൈലൻ ക്യാപ്ടൻ കളത്തിലെത്തുമ്പോഴേക്കും പ്രധാന കളിക്കാർ അപ്രത്യക്ഷമാകുന്നത് പുതിയ സംഗതിയാണ്. ശുദ്ധന്മാരിൽ ശുദ്ധനായ രാഹുൽജിയുടെ മണിപ്പൂർ ടു മുംബയ് ആവേശയാത്ര വിജയകരമായി മുന്നേറുകയാണെങ്കിലും ലക്ഷ്യത്തിലെത്തുമ്പോൾ ഒപ്പം എത്രപേരുണ്ടാകുമെന്ന കാര്യത്തിൽ വാർറൂം മേധാവികൾക്കു പോലും ഉറപ്പില്ല. കളിയുടെ മർമ്മം അറിയാവുന്ന രാഹുൽജിക്ക് ഗോളിയോ ഫോർവേഡോ ഇല്ലെങ്കിലും പ്രശ്‌നമില്ല. അതാണ് സ്‌പോർട്‌സ്മാൻ സ്പിരിറ്റ്. ബീഹാറിലെ നിതീഷ്ജിയും ഡൽഹിയിലെ ആപ്പ് താരം കേജ്രിവാളും മുങ്ങിയെങ്കിലും ഇന്ത്യ മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുൽജിക്ക് ഉറപ്പുണ്ട്. നിതീഷ്ജി എവിടെ, എപ്പോൾ മുങ്ങുമെന്നോ പൊങ്ങുമെന്നോ ആസ്ഥാന ജ്യോത്സ്യന്മാർ തലകുത്തി മറിഞ്ഞാലും കണ്ടുപിടിക്കാനാവില്ല. സംഘികളുടെ പീഡനം സഹിച്ച് മടുത്തപ്പോൾ ഗോസംരക്ഷകനായ ലാലുജിയുടെ അടുത്തേക്ക് പോയ നിതീഷ്ജി അവിടെ കുത്തിത്തിരുപ്പുണ്ടാക്കി വീണ്ടും സംഘിക്കോട്ടയുടെ പരിസരത്ത് എത്തിയെങ്കിലും രാഹുൽജി പ്രതീക്ഷ കൈവിട്ടിട്ടില്ല. ആഞ്ഞുപിടിച്ചാൽ തിരികെ പോരാവുന്നതേയുള്ളൂ.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ നേരത്ത് തന്ത്രങ്ങൾക്കു നേതൃത്വം നൽകേണ്ട രാഹുൽജി ഉല്ലാസയാത്ര നടത്തി സമയം കളയുകയാണെന്നാണ് തലമൂത്ത ചില കോൺഗ്രസുകാരുടെ അടക്കംപറച്ചിൽ. പടയൊരുക്കത്തിനാവശ്യം തന്ത്രങ്ങളാണെന്ന് ശുദ്ധനായ പടനായകൻ മറന്നുപോകുന്നുവെന്നും അവർ പരിതപിക്കുന്നു. വോട്ടായി മാറാത്ത കൈയടികൾക്കു സമയം കളയാതെ കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്താൻ ഇനിയും വൈകിയിട്ടില്ലെന്നു വിളിച്ചുപറയണമെന്നുണ്ടെങ്കിലും ആസ്ഥാന വിദ്വാൻമാർ തെറ്റിദ്ധരിച്ചാലോ എന്നാണ് പേടി.

ഇന്ത്യ മുന്നണി എല്ലും തോലുമായി 'ഐ.എൻ.ഡി അയ്യേ" ആയെന്നു പറഞ്ഞ് നാറ്റിക്കുകയാണ് കേരളത്തിലെ സൈബർ സംഘികളും സഖാക്കളും. 'ഇന്ത്യ മുന്നണി"യിലെ പ്രധാനകക്ഷിയാണെങ്കിലും തരംപോലെ കോൺഗ്രസിനിട്ട് താങ്ങുന്ന സഖാക്കൾ ചില അണ്ടർഗ്രൗണ്ട് ഏർപ്പാടുകൾ നടത്തുന്നില്ലേ എന്ന സംശയം ബലപ്പെടുകയാണ്. ജുഡേഗ ഭാരത്, ജീതേഗ ഇന്ത്യ (ഭാരതം ഒരുമിക്കും, ഇന്ത്യ വിജയിക്കും) എന്ന മുദ്രാവാക്യമുയർത്തി 23 കക്ഷികൾ ഒരുമിച്ച ഇന്ത്യ മുന്നണിയിൽ ആരൊക്കെ അവശേഷിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പിന്റെ തലേന്നെങ്കിലും അറിയാൻ കഴിയുമെന്നാണ് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയുടെ പ്രതീക്ഷ.
രാമനാമം ജപിച്ചാൽ സകല കഷ്ടതകളും ഇല്ലാതാകുമെന്നു വിശ്വസിക്കുന്ന സംഘികൾ കാശിറക്കി കാര്യങ്ങൾ കളർഫുൾ ആക്കുകയാണ്. 'ഇന്ത്യ മുന്നണി"യിലെ പ്രമുഖരിൽ പലരും 'ഷാജി" യുടെ ആളുകളാണോയെന്ന സംശയം ബലപ്പെടുന്നു. 'ഷാജി"യുടെ പാരകൾ അമിട്ട് പോലെ പവർഫുൾ ആയതിനാൽ വെടിക്കെട്ട് കാണാൻ നില്ക്കുന്നവരുടെ അവസ്ഥയിലാണ് കോൺഗ്രസുകാർ-ഇടയ്ക്കിടെ ഞെട്ടേണ്ടിവരുന്നു.
മുന്നണി ഏതായാലും മുഖ്യമന്ത്രി ആയാൽ മതിയെന്ന ചെറിയ ആഗ്രഹമേ നിതീഷ്ജിക്ക് ഉള്ളൂ. പ്രധാനമന്ത്രിയായി ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വയ്യ. ഗോപാലകനായ ലാലുജിയുടെ മനസ് പാലുപോലെ നിർമ്മലമാണെന്ന് പ്രതീക്ഷിച്ചാണ് ഒപ്പം കൂടിയതെങ്കിലും പാട്ടത്തൈരുകഴിച്ച അനുഭവമായിരുന്നു. മക്കളായ തേജസ്വിയെ ഉപമുഖ്യമന്ത്രിയും തേജ് പ്രതാപിനെ മന്ത്രിയുമാക്കി പിന്നിൽ നിന്ന് ഭരിക്കുകയായിരുന്നു ലാലുജി. കാശും പേരും മൂപ്പർക്കും പേരുദോഷം നമുക്കും. താഴാൻ പരിധി ഇല്ലാത്ത ലാലുജിയോട് കാര്യങ്ങൾ സംസാരിക്കാനും പേടിയായിരുന്നു. ടെൻഷനും പ്രഷറും കൂടിയപ്പോൾ ഓർക്കാപ്പുറത്ത് ഡൽഹിയിൽ നിന്നൊരു വിളിയെത്തുകയും നിതീഷ്ജി മുങ്ങുകയുമായിരുന്നു. മുങ്ങാനും പൊങ്ങാനും ഇലക്‌ഷന്റെ ഫലം വരുംവരെ സമയമുണ്ടെങ്കിലും കാവിക്കോട്ടയിലെ മാന്ത്രികന്മാരുടെ കൈയിൽ നിന്നു ചാടിപ്പോരുക ബുദ്ധിമുട്ടാണ്.