e-grant

കൊച്ചി: 'പണം അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും ഒരു വർഷമായി ഇ ഗ്രാന്റ് ലഭിച്ചിട്ടില്ല. തങ്ങൾ മാത്രമാണ് ഇനി ഫീസ് നൽകാനുള്ളതെന്ന് കോളേജ് അധികൃതരിൽ നിന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമമാണ്'. കൊച്ചിയിലെ കോളേജിൽ സ്വാശ്രയ കോഴ്‌സ് പഠിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ വാക്കുകളാണിത്. ഒന്നര വർഷമായി ഗ്രാൻഡ് ലഭിക്കാതെ പഠനം തുടരുന്ന പ്രതിസന്ധിയിലാണ് പട്ടിക വിഭാഗം വിദ്യാർത്ഥികൾ. ഇന്നലെ എറണാകുളം അച്യുതമേനോൻ ഹാളിൽ ഇ-ഗ്രാൻഡ് സംരക്ഷണ കൺവെൻഷനിൽ ഇതേ പ്രശ്‌നം അലട്ടുന്ന 100ലധികം വിദ്യാർത്ഥികളാണ് ഒത്തുചേർന്നു. ആദിവാസി ഗോത്രമഹാസഭയും ആദിശക്തി സമ്മർ സ്‌കൂളും ചേർന്നാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.

ആദിവാസി-ദളിത് വിദ്യാർത്ഥികളുടെ ഉപരിപഠനം ഉറപ്പുവരുത്താൻ ബഡ്ജറ്റിൽ വകയിരുത്തിയ തുകയാണ് മുടങ്ങിയത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര ഫണ്ട് ലഭിക്കാത്തതുമാണ് കാരണമെന്ന പതിവ് പല്ലവിയാണ് അധികൃതർ നൽകുന്നത്.

നവകേരള സദസിനും കേരളീയം പോലുള്ള പരിപാടികൾക്കും കോടികൾ വിനിയോഗിക്കുമ്പോൾ തങ്ങളുടെ കുട്ടികളുടെകാര്യം സർക്കാർ തിരസ്കരിക്കുകയാണെന്ന് ആദിശക്തി സമ്മർസ്‌കൂൾ അധികൃതർ പറഞ്ഞു.

നേരത്തെ കോളേജ് ഫീസും മറ്റുമായ ഗ്രാന്റുകൾ സർക്കാർ കോളേജിന് നേരിട്ടാണ് കൈമാറിയിരുന്നത്. ഈ രീതി മാറ്റി, പകരം വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് ഗ്രാന്റ് നൽകുന്ന നിലയിലേക്കായി. കൃത്യമായി ഇ-ഗ്രാന്റ് കൈമാറാത്തതോടെ ഫീസ് സംബന്ധിച്ച് വിദ്യാർത്ഥികൾ മറുപടി പറയേണ്ട സ്ഥിതിയായി.

''ഇ-ഗ്രാൻഡ് ലഭിക്കുന്ന വിദ്യാർത്ഥികളാണെന്നും തുക അക്കൗണ്ടിലേക്ക് ലഭിച്ചാലുടൻ കോളേജിന് നൽകാമെന്നും പ്രിൻസിപ്പലിന് കത്ത് നൽകിയാണ് പലപ്പോഴും കുട്ടികൾ പരീക്ഷയെഴുതാൻ അനുമതി വാങ്ങുന്നത്. കത്ത് നൽകിയാലും പരീക്ഷയുടെ തലേദിവസമൊക്കെയാണ് ഹാൾ ടിക്കറ്റ് പോലും ലഭിക്കുക'' ആദിശക്തി സമ്മർ സ്കൂൾ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മേരി ലിഡിയ പറഞ്ഞു.

പട്ടിക ജാതി, പട്ടിക വർഗ വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന ഗ്രാന്റ് തുക ഉയർത്തണമെന്നും കൃത്യമായി നൽകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.

ഇ-ഗ്രാന്റ്
പോസ്റ്റ്‌മെട്രിക്ക് സ്‌കോളർഷിപ്പ് എന്ന പേരിൽ ബഡ്ജറ്റിൽ വകയിരുത്തുന്ന തുകയിൽ നിന്നാണ് പ്രതിമാസ ഇ-ഗ്രാന്റ് നൽകുന്നത്. ഉപരിപഠനത്തിന് രജിസ്റ്റർ നൽകുന്ന വിദ്യാർത്ഥികളുടെ എണ്ണവും കോഴ്‌സുകളുടെ ഫീസും മറ്റ് ചെലവുകളും കണക്കാക്കിയാണ് തുക നൽകക. തുക വകമാറ്റുകയാണെന്നാണ് ആക്ഷേപം.

 മുടങ്ങിയ ഗ്രാന്റുകൾ

ലംപ്‌സംഗ്രാന്റ് - 1400 (യു.ജി), 1900 (പി.ജി)
ഹോസ്റ്റൽ ഫീസ് - 3500 രൂപ
സ്വാശ്രയ കോളേജ് ഹോസ്റ്റൽ - 4500
പോക്കറ്റ് മണി -200 രൂപ
സ്വകാര്യ ഹോസ്റ്റൽ - 3000 (എസ്.ടി), 1500 ( എസ്.സി)
പോയിവരുന്നവർക്കുള്ള ആനുകൂല്യം - 800