കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ സംഘങ്ങളിൽനിന്ന് സംഭരിക്കുന്ന ഓരോലിറ്റർ പാലിനും ഏഴുരൂപവീതം പ്രോത്സാഹന വിലയായി അധികം നൽകുമെന്ന് ഭരണസമിതിയോഗം തീരുമാനിച്ചതായി ചെയർമാൻ എം.ടി. ജയൻ അറിയിച്ചു. ക്ഷീരസഹകരണ മേഖലയുടെ ചരിത്രത്തിൽ നൽകുന്ന ഏറ്റവും വലിയ പ്രോത്സാഹന അധികവിലയാണ് മേഖലാ യൂണിയൻ നൽകുന്നത്.
ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31വരെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000ൽപരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കും സംഘങ്ങൾക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. അധികം നൽകുന്ന ഏഴുരൂപയിൽ ഓരോലിറ്റർപാലിനും അഞ്ചുരൂപവീതം കർഷകർക്കും സംഘം സംഭരിച്ച് നൽകുന്ന ഓരോ ലിറ്ററിനും രണ്ടുരൂപവീതം സംഘത്തിനും നൽകും. സംഘത്തിന് നൽകുന്ന രണ്ടുരൂപയിൽനിന്ന് സംഘം ചെലവുകൾക്കും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കേണ്ടത്. മേഖലായൂണിയന്റെ പ്രവർത്തനലാഭത്തിൽനിന്ന് 13 കോടിരൂപയാണ് ഈ ഇനത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത്.

മൂന്നുലക്ഷംലിറ്റർ പാലാണ് പ്രതിദിനം മേഖലാ യൂണിയൻ പ്രാഥമിക സംഘങ്ങളിൽനിന്ന് സംഭരിക്കുന്നത്. മിൽമയിലെ ജീവനക്കാരുടെ മുൻകാലങ്ങളിലെ മൂന്നുവർഷത്തെ പേറിവിഷൻ കുടിശിക നൽകുന്നതിന് 17 കോടിരൂപയും നീക്കി വച്ചു. അഞ്ചുകോടിരൂപ ചെലവിൽ ഇന്ത്യയിൽ ഒരു മേഖലാ യൂണിയൻ ആദ്യമായി നടത്തുന്ന സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി വിപുലമായി നടപ്പിലാക്കുന്നുണ്ട്. കർഷകർക്കും സംഘങ്ങൾക്കുമായി ഈ സാമ്പത്തികവർഷം എൻ.ഡി.ഡി.ബിയുടെ സഹായം, മേഖലായൂണിയന്റെ പ്രവർത്തനലാഭം എന്നിവയിൽ നിന്നായി 10 കോടിരൂപകൂടി ചെലവഴിക്കുമെന്നും എം.ടി. ജയൻ അറിയിച്ചു.