മൂവാറ്റുപുഴ: ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായ സർവേ മൂവാറ്റുപുഴ നഗരസഭയിൽ പൂർത്തിയായി. ഖര മാലിന്യത്തിന്റെ അളവ്, ഘടന എന്നിവ സംബന്ധിച്ചാണ് സർവേ നടത്തിയത്.
ഇതിന്റെ ഭാഗമായി ഹരിതകർമ്മ സേനാ അംഗങ്ങൾ വഴി എട്ട് ദിവസം തുടർച്ചയായ പ്രവർത്തനം നടത്തി. വീടുകളിലെ ഖര മാലിന്യത്തിന്റെ അളവും തരവും ഗുണനിലവാരവും വിലയിരുത്തുന്നതിനുളള പഠനവും നടന്നു. തിരഞ്ഞെടുക്കപ്പെട്ട വീടുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിച്ചാണ് പഠനം നടത്തിയത്. നഗരസഭയിലെ മാലിന്യത്തിന്റെ അളവ് കണക്കാക്കുകയും 25 വർഷത്തേക്ക് ഖര മാലിന്യപരിപാലനത്തിനുള്ള കർമ്മപദ്ധതി തയാറാക്കുകയുമാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ എം.എസ്. ധന്യ, സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ വിദഗ്ദ്ധൻ എസ്. വിനു, എസ്.ഡബ്ളിയു.എം എൻജിനിയർ അപർണ ഗിരീഷ് എന്നിവർ സർവേയ്ക്കും പഠനത്തിനും നേതൃത്വം നൽകി.