photo
ചെറായി പൂരത്തിനു മുന്നോടിയായി രാവിലെ ഗജമണ്ഡപത്തിൽ നടന്ന ഭഗവാന്റെ തിടമ്പ് നിർണ്ണയ ചടങ്ങിൽ തെക്കേ ചേരുവാരത്തിന്റെ ഇത്തിത്താനം വിഷ്ണുനാരായണനും (ഇടതുവശം) വടക്കേ ചേരുവാരത്തിന്റെ കുന്നത്തൂർ രാമുവും (വലതുവശം) അണിനിരന്നപ്പോൾ

വൈപ്പിൻ: തലപ്പൊക്കത്തിനായി സംസ്ഥാനത്തെ പേരും പെരുമയുമുള്ള ഗജവീരൻമാർ അണിനിരക്കാറുള്ള ചെറായി പൂരത്തിന് നായകനാകാൻ ഇത്തവണ ഭാഗ്യം ലഭിച്ചത് ഇത്തിത്താനം വിഷ്ണു നാരായണന്. മുൻവർഷങ്ങളിൽ തിടമ്പേറ്റുന്നതിന് കൊണ്ടുവന്നിരുന്ന ആനകൾക്ക് ഒരുദിവസത്തെ പാട്ടം 3ലക്ഷംരൂപ വരെപറഞ്ഞ് ഉടമകൾ വിലപേശിയപ്പോൾ ഈ ആനകളെ കൊണ്ടുവരണ്ടേതില്ലെന്ന് ഇരുചേരുവാരങ്ങളും തീരുമാനിക്കുകയായിരുന്നു.
ഇത്തവണ തിടമ്പേറ്റുന്നതിന് വടക്കേചേരുവാരം ഏൽപ്പിച്ചിരുന്ന ഉഷശ്രീ ശങ്കരൻകുട്ടി സമയംവൈകി എത്തിയതിനാൽ പൂരത്തിന് നിറുത്താതെ മടക്കിഅയക്കുകയും ചെയ്തു. പകരം കുന്നത്തൂർ രാമുവിനെയാണ് വടക്കേ ചേരുവാരം പരിഗണിച്ചത്. ഇത്തിത്താനവും കുന്നത്തൂരും തിടമ്പേറ്റുന്നതിനായി രാവിലെ 8ന് ഗജമണ്ഡപത്തിലെത്തി 10 മിനിറ്റോളം നിലയുറപ്പിച്ചപ്പോൾ ഇത്തിത്താനത്തിനാണ് പൂരത്തിന്റെ നായകനാകാനുള്ള അനുമതി വിധികർത്താവായ വിജ്ഞാനവർദ്ധിനി സഭാ പ്രസിഡന്റ് പ്രഖ്യാപിച്ചത്.

തിടമ്പേറ്റൽ ചടങ്ങിൽ വിജ്ഞാനവർദ്ധിനി സഭാനേതൃത്വം മുൻകൂട്ടി നൽകിയ സർക്കുലർ പ്രകാരം പ്രവർത്തിച്ചില്ലെന്ന് വടക്കേചേരുവാരം ആരോപിച്ചു. നാട്ടാന പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശമുള്ളതിനാൽ ആനകളുടെ ഉയരം സംബന്ധിച്ചുള്ള ഡേറ്റ പരിശോധിച്ചാണ് ഇക്കുറി തിടമ്പേറ്റൽ നിർണ്ണയിക്കുന്നതെന്നായിരുന്നു സഭാനേതൃത്വം ചേരുവാരങ്ങളെ രേഖാമൂലം മുൻകൂട്ടി അറിയിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി എഴുമിനിറ്റ് മസ്തകം ഉയർത്തി നിൽക്കണമെന്ന പഴയരീതിയിലുള്ള ആചാരമാണ് സഭാനേതൃത്വം തിടമ്പേറ്റൽ ചടങ്ങിന് അവലംബിച്ചതത്രേ. ഈ ആചാരമാണെങ്കിൽപ്പോലും തിടമ്പിന് അർഹതനേടിയ ആന വശങ്ങളിലേക്ക് നോക്കി ലംഘനം നടത്തിയെന്നാണ് തുടർന്നുള്ള ആക്ഷേപം. ഇതിനെതിരെ ശക്തമായ ഭാഷയിൽ സഭാ പ്രസിഡന്റിനെ നേരിട്ട് പ്രതിഷേധം അറിയിച്ചതായി വടക്കേചേരുവാരം പ്രസിഡന്റ് ഒ.സി. സൈജു , സെക്രട്ടറി കെ.എസ്. സുകുമാർ എന്നിവർ പറഞ്ഞു.