vinod-mla

കൊച്ചി: വൊക്കേഷണൽ ഹയർ സെക്കൻഡറി എറണാകുളം മേഖല, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസുമായി സഹകരിച്ച് ആസ്പയർ '24 തൊഴിൽ മേള സംഘടിപ്പിച്ചു. 642 ഉദ്യോഗാർത്ഥികൾ തൊഴിൽമേളയിൽ പങ്കെടുത്തു. 37 കമ്പനികളിലായി 273 പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി. 32 ഉദ്യോഗാർത്ഥികൾക്ക് തത്സമയം നിയമനം നല്കി. ടി.ജെ. വിനോദ് എം.എൽ.എ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിന് പഠന വിഷയധിഷ്ഠിത തൊഴിൽമേളകൾ പ്രയോജനകരമാകുമെന്ന് എം.എൽ.എ പറഞ്ഞു .

എസ്.ആർ.വി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ആർ. സിന്ധു, മേഖലാ അസിസ്റ്റന്റ് ഡയറക്ടർ പി. നവീന, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഡി.എസ്. ഉണ്ണിക്കൃഷ്ണൻ, വൊക്കേഷണൽ ഗൈഡൻസ് വിഭാഗം ഓഫീസർ കെ.എസ്. സനോജ് ,സ്റ്റേറ്റ് കോ ഓർഡിനേറ്റർ വി.എസ്. സന്തോഷ്, സംഘാടകസമിതി ഭാരവാഹികളായ ടി.വി. മുരളീധരൻ, കെ.എസ്. ബിജു, ഷിബു പോൾ തുടങ്ങിയവർ പ്രസംഗിച്ചു.