 
ആലങ്ങാട്: കോട്ടപ്പുറം മാമ്പ്രയിൽ ബ്ലോക്ക് പള്ളത്ത് അജ്ഞാതജീവി പോത്തിനെ കൊന്നു. ദേഹമാസകലം കടിച്ചുകീറിയ നിലയിലാണ് പോത്തിന്റെ ജഡം കണ്ടെത്തിയത്. കോട്ടപ്പുറം സ്വദേശി മുജീബ് മേയാൻ വിട്ടിരുന്ന പോത്തിനെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ചത്തനിലയിൽ കണ്ടത്.
ഈ മേഖലയിൽ പെരിയാറിന്റെ തീരം കേന്ദ്രീകരിച്ചും ആളൊഴിഞ്ഞ പറമ്പുകളിലും തെരുവുനായ്ക്കൾ ധാരാളമുണ്ടെങ്കിലും ഈ ആക്രമണം നടത്തിയിരിക്കുന്നത് നായ്ക്കളെല്ലെന്നാണ് അക്രമത്തിന്റെ സ്വഭാവം മനസ്സിലാക്കിയ നാട്ടുകാർ പറയുന്നത്. പോത്തിന്റെ പിൻഭാഗത്ത് മുകളിലായി ജീവിയുടെ അക്രമണത്തിൽ വലിയ മുറിവാണുണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് കുറുക്കനോ മറ്റ് കാട്ടുജീവികളോ ആയിരിക്കാം ആക്രമണത്തിന് പിന്നിലെന്ന് പറയുന്നത്.
ഫാമിലെ പശുക്കുട്ടികൾ ചത്തനിലയിൽ
പൊലീസിൽ പരാതി നൽകി
ആലങ്ങാട് കോടുവഴങ്ങയിൽ ഫാമിലുണ്ടായിരുന്ന പശുക്കുട്ടികളെ ചത്തനിലയിൽ കണ്ടതിനെതുടർന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ ബിനാനിപുരം പൊലീസിൽ പരാതി നൽകി. കല്ലുപാലം ഗോപുരത്തിങ്കൽ വീട്ടിൽ റിൻസൻ ദേവസിക്കുട്ടി, നിബി പോൾ എന്നിവർ കല്ലുപാലം റോഡിനുസമീപം നടത്തിവരുന്ന ഫാമിലെ പശുക്കുട്ടികളെയാണ് ചത്തനിലയിൽ കണ്ടെത്തിയ്. ഒരുമാസംമുമ്പ് ഒരു വലിയ പശു ഇവിടെ ചത്തിരുന്നു. അതിനുശേഷം രണ്ട് പശുക്കുട്ടികളുടെ കഴുത്തിലെ കയർ അറുത്തിടുകയുംചെയ്തിരുന്നു. ഇപ്പോൾ രണ്ട് ദിവസങ്ങളിലായാണ് രണ്ട് പശുക്കുട്ടികൾ ചത്തത്. ഇവയ്‌ക്കൊന്നും യാതൊരുവിധ അസുഖങ്ങളുമില്ലായിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിക്കുന്നത് ആരോ മനപ്പൂർവം ചെയ്യുന്നതായിരിക്കുമെന്നാണ് ഉടമകൾ സംശയിക്കുന്നത്.