കൊച്ചി: ഇന്ത്യ മുന്നണി പ്രതിസന്ധി നേരിടുകയാണെന്നും കേവലം തിരഞ്ഞെടുപ്പ് സഖ്യംകൊണ്ടുമാത്രം രാജ്യത്ത് ഇനി മതേതരത്വം തിരിച്ചുകൊണ്ടുവരാൻ സാധിക്കില്ലെന്നും സി.എം.പി. സി.എം.പി 11-ാം പാർട്ടി കോൺഗ്രസിന് ഇന്ന് കൊച്ചിയിൽ ചെങ്കൊടി ഉയരാനിരിക്കെയാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. നഷ്ടപ്പെട്ട മതേതരസ്വഭാവം തിരിച്ചുപിടിക്കാൻ മതേതരപൗരസമൂഹത്തെ വാർത്തെടുക്കുകയാണ് വേണ്ടത്. വിഭാഗീയത ഒഴിഞ്ഞുനിൽക്കുന്ന പാർട്ടിയിൽ യു.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കാനാണ് പൊതുവികാരം. പിളർപ്പ് അടിത്തറയിളക്കിയെങ്കിലും പാർട്ടി ഇപ്പോൾ പൂർണമായും ശക്തിപ്പെട്ടെന്നാണ് വിലയിരുത്തൽ. പലരും തിരിച്ചെത്തി. സി.പി.എമ്മിൽ ലയിച്ച പലനേതാക്കളും അതൃപ്തരാണ്. ഇവരെ തിരികെ എത്തിക്കുന്നതടക്കമുള്ള വിഷയങ്ങൾ പാർട്ടികോൺഗ്രസിൽ ചർച്ചയായേക്കും.

രാജേന്ദ്രമൈതാനത്തുനിന്ന് വൈകിട്ട് 3.30ന് ആരംഭിക്കുന്ന സമ്മേളനറാലി മറൈൻഡ്രൈവിൽ സമാപിക്കുന്നതോടെ മൂന്നുദിവസം നീണ്ടുനിൽക്കുന്ന പാർട്ടികോൺഗ്രസിന് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, അനൂപ് ജേക്കബ്, മുൻ എം.എൽ.എഅഡ്വ. എ.എൻ. രാജൻബാബു, ബംഗാളിലെ പാർട്ടി ഫോർ ഡെമോക്രാറ്റിക് സോഷ്യലിസം നേതാവ് സമീപർ പുതുതുണ്ട, ഒറീസ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റ് അജയ് റാവത്ത്, നാഷണൽ ഡെമോക്രാറ്റിക് പീപ്പിൾസ് നേതാവ് യോഗേന്ദ്രയാദവ് എന്നിവർ സന്നിഹിതരായിരിക്കും.

നാളെ രാവിലെ 9ന് എറണാകുളം ടൗൺഹാളിൽ പി.ആർ.എൻ നമ്പീശൻ പാർട്ടി കോൺഗ്രസിന് പതാക ഉയർത്തും. എച്ച്.എം.എസ് അഖിലേന്ത്യാ സെക്രട്ടറി തമ്പാൻ തോമസ് മുഖ്യാതിഥിയാകുന്ന പ്രതിനിധി സമ്മേളനം സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗ്രൂപ്പ് ചർച്ച, പൊതുചർച്ച എന്നിവ നടക്കം. 4. 30ന് 'സഹകരണ പ്രസ്ഥാനം സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ സെമിനാർ. 30ന് രാവിലെ 10ന് ഗാന്ധിസ്മൃതി. 'മതേതര ഇന്ത്യ മതരാഷ്ട്രമാകുമോ' എന്ന വിഷയത്തിലെ സെമിനാർ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30നാണ് സെൻട്രൽ കൗൺസിലിന്റെയും ഭാരവാഹികളടെയും തിരഞ്ഞെടുപ്പ്.

കേരളത്തിൽ പൊലീസിനെ ഉപയോഗിച്ചുള്ള ഭരണമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഇത് അപഹാസ്യമാണ്.

സി.പി. ജോൺ, സി.എം.പി

ജനറൽ സെക്രട്ടറി