കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗത്തിൽ ഇടുപ്പെല്ല് അസറ്റാബുലർ പുനർനിർമാണ ശസ്ത്രക്രിയ വിജയം. 9വർഷം മുൻപ് റോഡ് അപകടത്തിൽ ഇടുപ്പെല്ല് പൂർണമായും ഒടിഞ്ഞ് കുഴതെന്നിമാറിയ പറവൂർ ചെട്ടിക്കാട് സ്വദേശി ജോസഫിന്റെ (53) ഇടുപ്പെല്ലാണ് അസ്ഥിരോഗവിഭാഗം മേധാവി പ്രൊഫ. ഡോ. ജോർജ്കുട്ടിയുടെ നേതൃത്വത്തിൽ മാറ്റിവച്ചത്. മത്സ്യബന്ധനബോട്ടിലെ തൊഴിലാളിയായിരുന്ന ജോസഫ് തൊഴിൽ ചെയ്യാനാകാതെ ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹത്തിന് പരസഹായം ഇല്ലാതെ നടക്കാനും ജോലിചെയ്യാനും സാധിക്കുന്നുണ്ട്.

സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലൂടെ സൗജന്യമായാണ് നടത്തിയത്. അസ്ഥിരോഗവിഭാഗം യൂണിറ്റ് ഒന്നിലെ ഡോ. മനീഷ് സ്റ്റീഫൻ, ഡോ. അഹമ്മദ് ഷഹീൽ, അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാരായ പ്രൊഫ. ഡോ. അനിൽകുമാർ, ഡോ. രാജേഷ് ദിനേശ്, ഡോ. അൻസാർ ഷാ, നഴ്‌സിംഗ് ഓഫീസർമാരായ ടി.ആർ. അജിത, സിവി പി. വർക്കി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.