 
ആലങ്ങാട്: കവർച്ചക്കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസിന്റെ സമർത്ഥമായ ഇടപെടലിൽ നിമിഷങ്ങൾക്കകം പ്രതി വീണ്ടും പൊലീസിന്റെ വലയിലായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം.
കഴിഞ്ഞ 19ന് കരുമാല്ലൂർ ഷാപ്പുപടി കളപ്പുരക്കൽ റോഡിൽ പഞ്ഞിക്കാരൻ ജോജോയുടെ വീട്ടിൽ മോഷണം നടന്നിരുന്നു. ആളില്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് വീട്ടുകാർ അലമാരയിൽ സൂക്ഷിച്ചിരുന്ന 42000രൂപ മോഷ്ടിച്ചിരുന്നു. വിരലടയാള വിദഗ്ദ്ധരടക്കം പരിശോധന നടത്തി. പരിശോധനയിൽ മോഷണം നടന്ന വീടിന്റെ സമീപത്തുള്ള വള്ളുവേലി ആര്യന്റെ (19) വിരലടയാളവുമായി സാദൃശ്യം കണ്ടതിനെത്തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാൻ ഒരുങ്ങവേ ടോയ്‌ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയിൽ അവിടെയുണ്ടായ പൊലീസുകാരനെ തള്ളിയിട്ടശേഷം ഇയാൾ സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. പൊലീസ് ഇയാളെ പിന്തുടർന്നു. തെരച്ചിലിൽ സ്റ്റേഷന് 300മീറ്റർ ദൂരെയുള്ള കാട്ടിൽ ഒളിച്ചിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പൊലീസുകാരനെ ദേഹോപദ്രവം എൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിന് മറ്റൊരു കേസുകൂടി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തു.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.