കൊച്ചി: പാഴ്സലുകളിൽ സ്റ്റിക്കർ പതിച്ചിട്ടുണ്ടോയെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഹോട്ടലുകളിൽ നിന്ന് പിഴയീടാക്കാൻ മാത്രമായുള്ള പ്രഹസനമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആരോപിച്ചു.

പാഴ്സൽ ഭക്ഷണത്തിന്റെ കവറിനുമുകളിൽ പാക്ക് ചെയ്ത തീയതിയും സമയവും രേഖപ്പെടുത്തിയില്ല എന്ന കാരണത്താലാണ് പിഴ ഈടാക്കുന്നത്. ഹോട്ടലുകൾ പാഴ്സൽ നൽകുമ്പോൾ നിശ്ചിത സമയപരിധിക്കകം കഴിക്കണമെന്ന സ്റ്റിക്കർ കവറിന് മുകളിൽ പതിക്കുന്നുണ്ട്. കൂടാതെ ഹോട്ടലുകൾ നൽകുന്ന ബില്ലിൽ സമയവും തീയതിയും രേഖപ്പെടുത്തിയിട്ടുമുണ്ട്. മറ്റ് പായ്ക്കറ്റ് പലഹാരങ്ങൾ പോലെയല്ല ഹോട്ടൽ ഭക്ഷണമെന്നും അത് നിശ്ചിത സമയപരിധിക്കകം കഴിക്കേണ്ടതാണെന്നും പൊതുവെ ഉപഭോക്താക്കൾ ബോധവാന്മാരുമാണ്. എന്നിട്ടും പായ്ക്ക്‌ചെയ്ത തീയതിയും സമയവും സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണത്താൽ പിഴ ഈടാക്കുന്നത് സാമ്പത്തിക വർഷാവസാനം സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് എന്ന് ഹോട്ടലുടമകൾ സംശയിക്കുന്നതിൽ ന്യായമുണ്ട്. വ്യാപാരമാന്ദ്യം നിലനിൽക്കുന്ന ഓഫ് സീസൺ സമയത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനാവശ്യ പരിശോധനകൾ ഹോട്ടൽ മേഖലയെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ. പി. ബാലകൃഷ്ണ പൊതുവാളും പറഞ്ഞു.