
കൊച്ചി: അമേരിക്കയിലെ ഓഹരി ഉൗഹക്കച്ചവടക്കാരായ ഹിണ്ടൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ ആരംഭിച്ച ആരോപണ ആക്രമണ പരമ്പരകളുടെ ഒന്നാം വാർഷികത്തിൽ തലയുയർത്തി ഗൗതം അദാനി. ഏതൊരു വമ്പൻ ഗ്രൂപ്പിനെയും തറപ്പറ്റിക്കുന്ന നിരവധി ആരോപണങ്ങളാണ് ഹിണ്ടൻബെർഗിന്റെ ഗവേഷണ റിപ്പോട്ടിലുണ്ടായിരുന്നത്. ഇതോടെ ഓഹരി വിപണിയിൽ വൻ തകർച്ച നേരിട്ട അദാനി ഗ്രൂപ്പ് കമ്പനികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ പൂർവാധികം ശക്തിയോടെ തിരിച്ചുകയറി. ഇതിന്റെ തുടർച്ചയായി ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനെന്ന പദവി തിരിച്ചു പിടിക്കുകയും ചെയ്തു. പ്രതിസന്ധിയുടെ വലിയ കാലയളവിനെ കുറിച്ച് ഗൗതം അദാനി പ്രതികരിക്കുന്നു.
വേട്ടയുടെ തുടക്കം
കഴിഞ്ഞ വർഷം ജനുവരി 25ന് പ്രഭാത ഭക്ഷണ വേളയിലാണ് ന്യൂയോർക്കിലെ ഉൗഹക്കച്ചവട സ്ഥാപനം അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങൾ ഓൺലൈനായി അവതരിപ്പിച്ചത്. പൊതു സമുഹത്തിൽ ലഭ്യമായിട്ടുള്ള വിവരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ചില അർദ്ധ സത്യങ്ങൾ കൗശലപൂർവ്വം മെനഞ്ഞെടുത്ത ഗവേഷണ റിപ്പോർട്ടായിരുന്നു അത്. ഞങ്ങൾക്കെതിരെ കള്ളങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആദ്യമായിരുന്നില്ല.അതിനാൽ സമഗ്രമായ ഒരു പ്രതികരണം നൽകിയതിന് ശേഷം അതിനെ കുറിച്ച് കൂടുതലൊന്നും ചിന്തിച്ചില്ല.
തിരിച്ചറിവിന്റെ കാലഘട്ടം
സത്യത്തിന്റെ പാതയിലൂടെ ഉയർന്നു വന്ന എനിക്ക് പുതിയ സാഹചര്യം കള്ളങ്ങളുടെ ശക്തിയെ കുറിച്ചുള്ള ഒരു പാഠമായിരുന്നു. ഷോർട്ട് സെല്ലിംഗ് ആക്രമണങ്ങളുടെ പ്രതിഫലനം സാധാരണ ധനകാര്യ വിപണികളിൽ മാത്രമാണ്. എന്നാൽ സാമ്പത്തിക, രാഷ്ട്രീയ തലങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ ഏജൻസി നടത്തിയ ആക്രമണമാണെന്ന് പിന്നീടാണ് മനസിലാക്കുന്നത്. ഈ നുണകൾ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം ഇടിച്ചതിനാൽ ആയിരക്കണക്കിന് ചെറുകിട നിക്ഷേപകരുടെ സമ്പാദ്യം നഷ്ടപ്പെട്ടതാണ് ഏറെ വേദനിപ്പിച്ചത്. എതിരാളികളുടെ ഈ കുതന്ത്രം പൂർണമായി വിജയിച്ചിരുന്നുവെങ്കിൽ തുറമുഖങ്ങളും വിമാനത്താവളങ്ങളും വൈദ്യുത ശൃംഖലകളും അടക്കമുള്ള നിർണായകമായ അടിസ്ഥാന സൗകര്യ ആസ്തി വികസനത്തെ ബാധിക്കുന്ന സാഹചര്യം ഒരുങ്ങുമായിരുന്നു.
ആക്രമണത്തിൽ പതറിയില്ല
കമ്പനിയുടെ ശക്തമായ ആസ്തികളും പ്രവർത്തനത്തിലെ പുതുമയും ഉന്നത നിലവാരത്തിലുള്ള വെളിപ്പെടുത്തലുകളും കണക്കിലെടുത്ത് വായ്പ നൽകിയവരും റേറ്റിംഗ് ഏജൻസികളും അടക്കമുള്ളവർ ഞങ്ങളോടൊപ്പം നിന്നു. കമ്പനിയിലെ നിക്ഷേപകരെ സംരക്ഷിക്കുയെന്നതായിരുന്നു പ്രധാന ലക്ഷ്യം. നിക്ഷേപകരിൽ നിന്നും സമാഹരിച്ച 20,000 കോടി രൂപ തിരികെ നൽകാനാണ് ആദ്യം തീരുമാനിച്ചത്. കോർപറേറ്റ് ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഈ നീക്കം നിക്ഷേപകരുടെ
വിശ്വാസം വർദ്ധിപ്പിച്ചു.
കമ്പനിയുടെ കൈവശമുണ്ടായിരുന്ന 30,000 കോടി രൂപയുടെ നീക്കിയിരുപ്പ് വലിയ കരുത്തായി.
ഫിനാൻസ് ടീം മാത്രം ആദ്യ 150 ദിവസങ്ങളിൽ ആഗോള വ്യാപകമായി മുന്നൂറിലധികം യോഗങ്ങൾ നടത്തി.
അനുഭവങ്ങളുടെ കരുത്തിൽ മുന്നോട്ട്
കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ട പാഠങ്ങളിലൂടെ ഗ്രൂപ്പിനെ കൂടുതൽ ശക്തരാക്കുകയാണ്. ഇന്ത്യൻ നിയമ സ്ഥാപനങ്ങളിലുള്ള വിശ്വാസം ശക്തമാക്കാനും ഈ കാലം സഹായിച്ചു. സത്യസന്ധതയില്ലാതെ ഞങ്ങൾക്ക് നേരെ നടത്തിയ ആക്രമണം നാളെ മറ്റുള്ളവർക്ക് എതിരെയും ആയേക്കാം. അതിനാലാണ് അനുഭവങ്ങൾ പങ്കുവെക്കുന്നത്. ഇത്തരം ആക്രമണങ്ങൾ അവസാനിച്ചു എന്നു ഞാൻ കരുതുന്നില്ല. ഇന്ത്യയുടെ വികസനത്തിനായി എളിയ സംഭാവനകൾ നൽകാനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുകയും ചെയ്യും.