
കൊച്ചി: മമ്മൂട്ടിയുൾപ്പെടെയുള്ള പ്രതിഭകൾക്ക് പദ്മ പുരസ്‌കാരം നൽകാത്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യബോധവും നല്ല ചിന്തകളും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ചവർ പദ്മ പുരസ്‌കാരങ്ങൾക്ക് പുറത്താണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ടി. പത്മനാഭൻ, എം.കെ. സാനു, സി. രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ, എം.എൻ കാരശേരി, നെടുമുടി വേണു, ഡോ.എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങിയവരിൽ നിന്ന് അകന്നു നിൽക്കുകയാണ് പദ്മ പുരസ്‌കാരങ്ങൾ. ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ എന്നറിഞ്ഞപ്പോൾ ആദ്യം ഓർത്തത് മമ്മൂട്ടിയെയാണ്.
1998ൽ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെത്തന്നെ നിൽക്കുകയാണ്. ഇന്ത്യൻ ചലച്ചിത്ര താരത്തെ പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതിക്ക് പരിഗണിച്ചാൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാകണം. പി. ഭാസ്‌കരന്റെയും ഒ.എൻ.വിയുടേയും സമകാലികനായ ശ്രീകുമാരൻ തമ്പി പദ്മ പുരസ്‌ക്കാരത്തിന് അർഹനാണ്. രാജ്യം നൽകുന്ന ആദരമാണ് പദ്മ പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാർക്കെന്ന് വി.മുരളീധരൻ
സമൂഹത്തിന് സ്തുത്യർഹ സേവനം നൽകുന്ന സാധാരണക്കാരെയാണ് ഇപ്പോൾ പുരസ്‌കാരത്തിന് പരിഗണിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തിരിച്ചടിച്ചു.പദ്മ പുരസ്‌കാരത്തിൽ ചോദ്യങ്ങളുന്നയിച്ച വി.ഡി. സതീശൻ മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കാനാവുമോയെന്ന് നോക്കണം.. പദ്മ പുരസ്‌കാരം നൽകുന്നതിലെ മാനദണ്ഡങ്ങൾ മാറിയത് 2014ന് ശേഷമാണ്. അർഹരായ ധാരാളം പേർ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലുണ്ട്. അവരെയൊക്കെ വരും വർഷങ്ങളിൽ പരിഗണിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.