മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലൂടെ ഒഴുകുന്ന തമ്പല തോട്ടിൽ രാത്രിയുടെ മറവിൽ തുടർച്ചയായി മാലിന്യം നിക്ഷേപിക്കുന്നു.​ ഇതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതമയമായി.

മത്സ്യത്തിന്റെയും കോഴിയുടെയും ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ചാക്കിൽ നിറച്ച് സ്ഥിരമായി തമ്പല തോട്ടിൽ തള്ളുന്നത്. രാത്രി ഏറെ വൈകിയാണ് മാലിന്യം തള്ളുന്ന മാഫിയ സംഘം തോടിന് സമീപത്ത് എത്തുന്നത്. രാത്രിയായതിനാലും ആക്രമണം ഭയന്നും മാലിന്യം തള്ളുന്നത് അറിഞ്ഞാൽ പോലും തടയാൻ പ്രദേശവാസികൾ മടിക്കുകയാണ്. തോട്ടിലെ മാലിന്യം ചീ‌ഞ്ഞളിഞ്ഞ് കൊതുകും ഈച്ചയും വ്യാപിക്കുന്നുണ്ട്. തോടിന് സമീപത്തെ കിണറുകളിലെ ശുദ്ധജലത്തിന് മാലിന്യത്തിന്റെ ഗന്ധമായിക്കഴിഞ്ഞു. തോടിന് ഏറ്റവും അടുത്തുള്ള തച്ചുമ്മാൽ പുരയിടത്തിനോട് ചേർന്ന പഞ്ചായത്ത് കിണറ്രിലെ വെള്ളം ഉപയോശൂന്യമായി. കിണറിന് സമീപത്താണ് വലിയ ചാക്കിൽ നിറയെ രണ്ട് കെട്ട് മാലിന്യം അടിഞ്ഞുകിടക്കുന്നത്. ദുർഗന്ധം വ്യാപിക്കുന്നതിനാൽ മൂക്കുപൊത്തിയാണ് നാട്ടുകാർ വീടിന് പുറത്തിറങ്ങുന്നത്. തോട്ടിലെ ദുർഗന്ധം മൂലം സമീപത്തുള്ളവർ മാസ്ക് വയ്ക്കാൻവരെ നിർബന്ധിതരായി. തോടിന് സമീപത്തെ ശുദ്ധജല സ്രോതസുകൾ മലിനപ്പെടാനും പകർച്ചവ്യാധികൾ പടർന്നുപിടിക്കാനും മാലിന്യം തള്ളൽ കാരണമാകുമെന്ന് സമഷ്ടി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുരളി അകത്തുട്ട് പറഞ്ഞു. പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത്,​ ആരോഗ്യ വകുപ്പ് അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്നും മുരളി ആവശ്യപ്പെട്ടു.