padik

വൈപ്പിൻ: സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് ജില്ലാ കൗൺസിൽ അംഗം ഇ.സി. ശിവദാസ് പാർട്ടിയിൽ നിന്ന് രാജി വച്ചു. ജില്ലാ നേതൃത്വം നേതാക്കൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുകയും ന്യായമായ കാരണമില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറിയും കൂട്ടരും നടത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും ശിവദാസ് അറിയിച്ചു.

സി.പി.ഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി, ചെറായി ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുഴുപ്പിള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.എ.ശിവൻ, എ.ഐ.വൈ. എഫ്. ജില്ലാ ജോ.സെക്രട്ടറി കെ.എസ്. ജയദീപ്, അഡ്വ. ഡെന്നിസൻ കോമത്ത് തുടങ്ങിയവർ സമീപ കാലത്ത് സി.പി.ഐയിൽ നിന്ന് രാജി വച്ചിരുന്നു.

സി.പി.എം നേതാവായിരിക്കെ കെ.എൽ. ദിലീപ് കുമാർ കർത്തേടം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് കോൺഗ്രസ് പിന്തുണയോടെ ബാങ്ക് പ്രസിഡന്റാവുകയും സി.പി.ഐയിൽ ചേരുകയും ചെയ്തിരുന്നു. പിന്നാലെ, ദിലീപ് കുമാർ സി.പി.ഐ വൈപ്പിൻ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും എളങ്കുന്നപ്പുഴ, ഞാറക്കൽ പ്രദേശങ്ങളിൽ സി.പി.ഐ - കോൺഗ്രസ് സഖ്യം രൂപപ്പെട്ടു. സി.പി.എമ്മിൽ നിന്നെത്തിയവർ വൈപ്പിൻ കരയിലെ പാർട്ടി കാര്യങ്ങൾ നിശ്ചയിക്കാൻ തുടങ്ങിയതോടെ പാർട്ടിയിൽ കാലങ്ങളായി പ്രവർത്തിച്ചിരുന്നവർ തഴയപ്പെട്ടെന്ന വികാരം പ്രദേശത്ത് ശക്തമാണ്. ഇതിന്റെ തുടർച്ചയാണ് ശിവദാസിന്റെ രാജിയെന്നാണ് ആരോപണം.