ആലുവ: മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ചൂർണിക്കര പഞ്ചായത്തിൽ ഹരിതചട്ടം കർശനമാക്കും. ഡിസംബർ എട്ടിലെ സംസ്ഥാന സർക്കാർ ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹരിതചട്ട നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചു.
പഞ്ചായത്ത് പരിധിയിൽ നൂറു പേരിൽ കൂടുതൽ പങ്കെടുക്കുന്ന ആഘോഷങ്ങളുടെ വിവരങ്ങൾ മൂന്ന് പ്രവൃത്തി ദിവസം മുമ്പ് പഞ്ചായത്തിൽ രേഖാമൂലം അറിയിക്കണം. വിവാഹം, പൊതുയോഗങ്ങൾ, ഉത്സവങ്ങൾ, മതപരമായ മറ്റ് പരിപാടികൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. ഇത്തരം ചടങ്ങുകളിൽ പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ്, പേപ്പർ വാഴയില, പ്ലാസ്റ്റിക് കിറ്റുകൾ, ഫ്ലക്‌സ് ബോർഡുകൾ തുടങ്ങിയ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാൻ അനുവദിക്കില്ല. പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ, കാനകൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും മലിനജലം ഒഴുക്കുന്നതും അനുവദിക്കില്ല. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പിഴയുൾപ്പെടെ കർശനമായ നിയമനടപടി സ്വീകരിക്കും.
നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങൾ വിൽക്കുന്നതും ശേഖരിക്കുന്നതും കുറ്റകരമാണ്. ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ഹാളുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ പോലുള്ള സ്ഥാപനങ്ങളിൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പാക്കണം. അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് യൂസർഫീ നൽകി കൈമാറുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ലൈസൻസില്ലാത്ത സ്ഥപനങ്ങൾക്കെതിരെയും പരിശോധന ശക്തമാക്കും. പരിശോധനയ്ക്കായി എൻഫോഴ്‌സ്‌മെന്റ് ടീമിനെ നിയോഗിച്ചു.
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മസേന മുഖേന യൂസർഫീ നൽകി അജൈവമാലിന്യങ്ങൾ നീക്കണം. 90 ദിവസത്തിലധികം വീഴ്ച വരുത്തിയാൽ പ്രതിമാസം യൂസർ ഫീയുടെ 50 ശതമാനം പിഴ ഈടാക്കും. ഗ്രാമപഞ്ചായത്തിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാകണമെങ്കിൽ യൂസർഫി അടച്ച കാർഡ് നിർബന്ധമാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.