driving

കൊച്ചി: വെയിലും മഴയും കൊള്ളണം. പേരിന് പോലും ഇരിപ്പിടമില്ല. ഡ്രൈവിംഗ് ടെസ്റ്റിനായി ഗ്രൗണ്ടുകളിൽ എത്തുന്നവർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘമെന്ന് ആക്ഷേപം. ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) ആണ് മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുത ആരോപണവുമായി രംഗത്തുവന്നത്.

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന് ഒരോ കേന്ദ്രങ്ങളിലും ചുരുങ്ങിയത് 100ലധികം പേരെങ്കിലും എത്തുന്നുണ്ടെന്ന് എച്ച്.ആർ.പി.എം പറയുന്നു. ഭൂരിഭാഗവും സ്ത്രീകളാണ്. ഗ്രൗണ്ടുകളിലെ ഡ്രൈവിംഗ് ടെസ്റ്റ് രണ്ട് ഘട്ടങ്ങളിലായതിനാൽ ഏറെനേരം കാത്തുനിൽക്കേണ്ടി വരുന്നു.

പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ പോലും ഒരിടത്തും സൗകര്യമില്ല. സർക്കാരിൽ നിന്ന് കോടികൾ ലഭിക്കുമ്പോഴും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) തയ്യാറാകുന്നില്ലെന്ന് എച്ച്.ആർ.പി.എം ആരോപിച്ചു. ടെസ്റ്റിംഗ് ഗ്രൗണ്ടുകളാകട്ടെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ വാടകയ്ക്ക് എടുക്കുന്നതാണ്. പ്രശ്നങ്ങൾ കാരണമെന്നും സ്വന്തമായി ടെസ്റ്റിംഗ് ഇടങ്ങൾ വർദ്ധിപ്പിക്കണമെന്നുമാണ് ആവശ്യം. ഡ്രൈവിംഗ് ടെസ്റ്റ് അടിമുടി മാറുമ്പോൾ അടിസ്ഥാന സൗകര്യമടക്കം ഉയരുമെന്ന് ആർ.ടി.ഒ വൃത്തങ്ങൾ പറഞ്ഞു.

 ആവശ്യങ്ങൾ
. താലൂക്കുകളിൽ ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ
. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം
. ലേണേഴ്‌സ് ടെസ്റ്റിന് കൂടുതൽ കമ്പ്യൂട്ടർ
. ഡ്രൈവിംഗ് സ്‌കൂളിൽ വാർഷിക പരിശോധന

ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയും ലൈസൻസ് പുതുക്കലിന് ഫീസ് ഇടാക്കിയുമൊക്കെ കോടിക്കണക്കിന് രൂപയാണ് മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നത്. എന്നാൽ അടിസ്ഥാന സൗകര്യമൊരുക്കാൻ തയ്യാറാകുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയരണം.


പ്രകാശ് ചെന്നിത്തല
ദേശീയ പ്രസിഡന്റ്
എച്ച്.ആർ.പി.എം