
കൊച്ചി: പ്രധാനമന്ത്രിയോടും ഗവർണറോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ സി.ആർ.പി.എഫിനെ ആർ.എസ്.എസ് സേനയെന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജമ്മു കാശ്മീരിലെ ഭീകരന്മാരിൽ നിന്നും മാവോയിസ്റ്റുകളിൽ നിന്നും ജനങ്ങൾക്കു സംരക്ഷണം നൽകാൻ ജീവത്യാഗം ചെയ്യുന്ന സേനയെ പരിഹസിച്ച മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. മാതാ അമൃതാനന്ദമയിക്കും വെള്ളാപ്പള്ളി നടേശനും രാഹുൽ ഗാന്ധിക്കും സുരക്ഷയൊരുക്കുന്നത് സി.ആർ.പി.എഫാണ്. രാഹുൽ ഗാന്ധി ആർ.എസ്.എസാണോയെന്ന് 'ഇന്ത്യ മുന്നണി"യുടെ ഭാഗമായ പിണറായി വ്യക്തമാക്കണം.ഗവർണറെ നേരിടാനെത്തിയ ഗുണ്ടകളെ തടയാൻ കേരള പൊലീസ് തയ്യാറാകാത്തതിനാലാണ് സി.ആർ.പി.എഫ് വരേണ്ടി വന്നത്. സർക്കാരിന്റെ അഴിമതിക്കും വൈസ് ചാൻസലർ നിയമനമടക്കമുള്ള നിയമവിരുദ്ധ നടപടികൾക്കും കൂട്ടു നില്‌ക്കാത്തതിനാണ് ഗവർണറെ ആക്രമിച്ചത്. സംഘർഷത്തിൽ ഗവർണറുടെ ഗൺമാൻ മുഖ്യമന്ത്രിയുടെ ഗൺമാനെപ്പോലെ പൂച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് 'രക്ഷാപ്രവർത്തനം" നടത്തിയില്ല. ഗവർണറുടെ റൂട്ട് ഗുണ്ടകൾക്ക് ചോർത്തിക്കൊടുത്തത് ആരാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.