
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതിയായ പെരുമ്പാവൂർ സ്വദേശി സവാദിനെ ഡി.എൻ.എ ഉൾപ്പെടെ ശാസ്ത്രീയ പരിശോധനകൾക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വിധേയനാക്കും. 13 വർഷം ഒളിവിലായിരുന്ന ഇയാൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തി പഴുതടച്ച കുറ്റപത്രം നൽകാനാണ് എൻ.ഐ.എ നീക്കം.
സവാദിനെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കാൻ ഈയാഴ്ച പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഡി.എൻ.എ പരിശോധനയ്‌ക്കായി സവാദിന്റെ മാതാപിതാക്കളുടെ രക്തസാമ്പിൾ ശേഖരിക്കും. ഇവർക്ക് നോട്ടീസ് നൽകിയതായാണ് സൂചന.
സവാദാണ് പ്രൊഫ. ജോസഫിന്റെ കൈ വെട്ടിമാറ്റിയത്. ആക്രമണത്തിനിടെ ഒപ്പമുണ്ടായിരുന്നവരുടെ ആയുധം കൊണ്ട് സവാദിന് മുറിവേറ്റിരുന്നു. ഈ പാടിലൂടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന സവാദിനെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോടതിയിൽ പ്രതിയെ ഉറപ്പിക്കാൻ ഇക്കാര്യവും ഉപയോഗിക്കും.
സവാദിന്റെ രണ്ടു മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ. ഇയാൾ തൊഴിൽസ്ഥലത്തു വച്ച് പലരെയും വിളിക്കുകയും കോളുകൾ എടുക്കുകയും ചെയ്തിരുന്നതായി സഹപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
സവാദിനെ ഒളിവിൽ കഴിഞ്ഞ പ്രദേശങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു. കൈ വെട്ടിയ സ്ഥലത്തെത്തിച്ചും ഉടൻ തെളിവെടുക്കും. ചോദ്യം ചെയ്യലിൽ ഒളിവിൽ കഴിയാൻ സഹായിച്ച ചിലരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് എൻ.ഐ.എയുടെ നീക്കം.