
കോലഞ്ചേരി: സർവകാല റെക്കാഡിൽ വെളുത്തുള്ളി വില കുതിക്കുന്നു. ഗ്രാമീണ മേഖലകളിലെ ചില്ലറ വില്പന ശാലകളിൽ കിലോയ്ക്ക് വില 320 കടന്നു. മറ്റെല്ലാ ഉള്ളികളും വില കുറഞ്ഞ് നില്ക്കുമ്പോൾ വെളുത്തുള്ളിയുടെ വില വർദ്ധനവ്.
സംസ്ഥാനത്ത് മറയൂർ, വട്ടവട മേഖലകളിൽ കൃഷിയുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ വിളവെടുപ്പ് മോശമായതോടെ ആവശ്യത്തിന് വെളുത്തുള്ളി വിപണിയിൽ എത്തിയിരുന്നില്ല. പലരും സ്റ്റോക്ക് ചെയ്തിരുന്നതും വിറ്റഴിച്ചതോടെ വെളുത്തുള്ളി വില അവിടെയും കുതിപ്പിലാണ്. കൂടാതെ മഹാരാഷ്ട്രയിൽ നിന്നാണ് കൂടുതലും വെളുത്തുള്ളിയെത്തുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം അവിടെയും ഉത്പാദനം കുറഞ്ഞെന്ന് മൊത്തവ്യാപാരിയായ കെ.എം. പരീക്കുട്ടി പറഞ്ഞു.
ഒരു മാസത്തോളമായി വെളുത്തുള്ളി വില ഉയരാൻ തുടങ്ങിയിട്ട്. കിലോയ്ക്ക് 130 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് വില വർദ്ധന.
ഖാരിഫ്, റാബി എന്നീ രണ്ട് സീസണുകളിലായാണ് വെളുത്തുള്ളി കൃഷി ചെയ്യുന്നത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ കർഷകർ ഖാരിഫ് വിളകൾ കൃഷി ചെയ്യുന്നു. അവിടെ ജൂൺ, ജൂലായ് മാസങ്ങളിൽ നടീൽ നടത്തുകയും സെപ്തംബറിനു ശേഷം വിളവെടുപ്പ് നടത്തുന്നു.
റാബി വിള സെപ്തംബർ നവംബർ മാസങ്ങളിൽ നട്ടുപിടിപ്പിച്ച് മാർച്ചിന് ശേഷം വിളവെടുക്കുന്നു. ഖാരിഫ് വിളവെടുപ്പ് വൈകുന്നത് വിലക്കയറ്റത്തിന് കാരണമായി. രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയുള്ള മദ്ധ്യപ്രദേശിലെ മന്ദ്‌സൗറിലാണ് വില നിശ്ചയിക്കുന്നത്. അവിടെ നിന്നുമാണ് രാജ്യത്തെ മൊത്തവ്യാപാര മാർക്കറ്റുകളിലേക്ക് ഉള്ളി എത്തുന്നത്. ഖാരിഫ് വിളവെടുപ്പ് പൂർത്തിയാകും വരെ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.