rajesh

കൊച്ചി: രാഷ്ട്രപതിയുടെ 'അഗ്നിശമൻ സേവാ പതക്ക്' മെഡലിന് അർഹനായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ ടി.എം. രാജേഷ് (52) ഉദയംപേരൂരിന് അഭിമാനമായി. 30വർഷത്തെ സ്തുത്യർഹ സേവനം കണക്കിലെടുത്താണ് അംഗീകാരം. പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ മെഡൽ സമ്മാനിക്കുമെന്ന് സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കും. മാർച്ചിൽ അവധിക്ക് നാട്ടിൽ വരുമ്പോൾ രാജേഷിനെ ആദരിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
തേവര എസ്.എച്ച് കോളേജിൽ നിന്നു ബിരുദം നേടി 1993 നവംബറിൽ സി.ഐ.എസ്.എഫ് അഗ്നിശമന വിഭാഗത്തിൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ച രാജേഷ് ഇപ്പോൾ ഹൈദരാബാദ് നാഷണൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അക്കാഡമിയിലെ ഫയർ സർവീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫയർ ഡ്രിൽ ഇൻസ്‌ട്രക്ടറാണ്. ദ്രുതകർമ്മ സേനാംഗമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ദുരന്തമേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007 വെള്ളപ്പൊക്കകാലത്ത് ആലപ്പുഴയിലെ സേവനങ്ങൾ കണക്കിലെടുത്ത് ജില്ലാ കളക്ടർ ആദരിച്ചിരുന്നു.
തെക്കേനീലിയാത്ത് മണിഭദ്രന്റെയും പത്മാക്ഷിയുടെയും മകനാണ്. സ്മിതയാണ് ഭാര്യ. മക്കൾ: എൻജിനിയറിംഗ് വിദ്യാർത്ഥികളായ അഭിജിത്ത്, അഭിനവ് .