ആലുവ: കാലം കഴിയുംതോറും ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങൾക്ക് പ്രസക്തിയേറിവരികയാണെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. സമൂഹത്തിൽ പലതരത്തിലെ അസ്വസ്ഥതകൾ വളർന്നുവരുന്ന ഘട്ടത്തിൽ ഗുരുദേവ സന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുദേവൻ സംഘടിപ്പിച്ച ഏഷ്യയിലെ ആദ്യ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംസ്‌കാരിക വകുപ്പ് ആലുവയിൽ സംഘടിപ്പിക്കുന്ന മതസൗഹാർദ്ദ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർച്ച് പത്തിന് വൈകിട്ട് നാലിന് അദ്വൈതാശ്രമത്തിന് എതിർവശം ശിവഗിരി സ്കൂൾ മൈതാനിയിലാണ് സമ്മേളനം. അയ്യായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും.
യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ആലുവ ടൗൺ മസ്ജിദ് ഇമാം അബ്ദുൾ സലാം മൗലവി, ആലുവ സെന്റ് ഡൊമിനിക്ക് പള്ളി വൈസ് ചെയർമാൻ ഡൊമിനിക്ക് കാവുങ്കൽ, വിവിധ കക്ഷിനേതാക്കളായ എ.പി. ഉദയകുമാർ, ലത്തീഫ് പൂഴിത്തറ, എം.എ ചന്ദ്രശേഖരൻ, എം.എൻ. ഗോപി, പി.പി. രാജൻ, എൻ.കെ. ബൈജു, കൗൺസിലർ കെ. ജയകുമാർ, വിജയകുമാർ എന്നിവർ സംസാരിച്ചു.
51 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി
മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബെഹനാൻ എം.പി (മുഖ്യരക്ഷാധികാരികൾ), അൻവർ സാദത്ത് എം.എൽ.എ (ചെയർമാൻ), അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി 51 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.