
ഫോർട്ട് കൊച്ചി: സി.എസ്.എം.എൽ.പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുന്നത് നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും വിനയായി മാറുന്നു. സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തികളാണ് ഫോർട്ടുകൊച്ചിയിലെ ഗതാഗതക്കുരുക്കിന് കാരണം. ഫോർട്ട്കൊച്ചി റോ റോ ജെട്ടി മുതൽ ആസ്പിൻ വാൾ ജങ്ഷൻ വരെയുള്ള റോഡിന്റെ സ്ഥിതി ഏറെ ദയനീയമാണ്.
നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഈ ഭാഗത്ത് കാൽനട യാത്ര പോലും ദുസഹമാണ്.
ഭൂഗർഭ കേബിളുകളും മറ്റും സ്ഥാപിക്കുന്നതിന് വലിയ കുഴികളാണ്ടുള്ളത്. 90 ഇടങ്ങളിലാണ് കുഴി എടുക്കുന്നത്. ഇതിൽ 50 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. ഇനി 40 എണ്ണം പൂർത്തിയാകണം.ഇതിന് കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കുമെന്നാണ് സി.എസ്.എം.എൽ.അധികൃതർ പറയുന്നത്. ഇത് ടൂറിസം മേഖലയെ കാര്യമായി ബാധിക്കും. പ്രദേശത്ത് നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. പൊടി ശല്യവും വല്ലാതെ ഈ ഭാഗങ്ങളിൽ രൂക്ഷമാണ്. റോ-റോ ജെട്ടി പ്രവർത്തിക്കുന്നതിനാൽ റോ-റോയിലേക്ക് കയറാനുള്ള വാഹനങ്ങൾ ഊഴം കാത്ത് കിടക്കുന്നതും ഈ റോഡിലാണ്. റോ റോയിൽ നിന്ന് ഇറങ്ങുന്ന വാഹനങ്ങളുമെത്തുന്നതോടെ രൂക്ഷമായ ഗതാഗത കുരുക്കാണ് ഈ മേഖലയിൽ സൃഷ്ടിക്കപ്പെടുന്നത്. റോഡ് നിർമാണം അടിയന്തിരമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മട്ടാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ചന്ദ്രബാനു ആവശ്യപ്പെട്ടു.