കൊച്ചി: ആയിരങ്ങൾ പങ്കെടുക്കുന്ന ദേശീയ, അന്തർദേശീയ സമ്മേളനങ്ങൾക്ക് ആഥിത്യമരുളാൻ കൊച്ചി സജ്ജമാണെന്ന് തെളിയിച്ച് ഏഴായിരം ഡോക്ടർമാർ ഉൾപ്പെടെ ഇരുപതിനായിരം പേർ പങ്കെടുത്ത പെഡിക്കോൺ 2024 സമാപിച്ചു. നാലു ദിവസങ്ങളിൽ കൊച്ചിയിൽ 250 കോടിയുടെ ഇടപാടുകളാണ് സമ്മേളനത്തിലൂടെ നടന്നത്.
ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി)ന്റെ ദേശീയ സമ്മേളനമാണ് ടൂറിസം ഉൾപ്പെടെ മേഖലകൾക്ക് സാമ്പത്തിക മുന്നേറ്റം നൽകിയത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏഴായിരം ഡോക്ടർമാരും കുടുംബാംഗങ്ങളുൾപ്പെടെയാണ് കൊച്ചിയിൽ എത്തിയത്. കൊച്ചിക്കു പുറമെ ആലപ്പുഴ, കുമരകം, മൂന്നാർ ഉൾപ്പെടെ വിനോദ സഞ്ചാരമേഖലകൾക്കും ഹോട്ടലുകൾ, മാളുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, കൊച്ചി മെട്രോ, വാട്ടർമെട്രോ, ഓട്ടോ, ടാക്‌സി മേഖലകൾക്കും നേട്ടമായെന്നാണ് വിലയിരുത്തൽ.
ഗതാഗതത്തെ ബാധിക്കാതെ മറൈൻെഡ്രൈവിൽ നിന്ന് ബോൾഗാട്ടി വരെ വാട്ടർ മെട്രോയിലും അവിടെ നിന്ന് ഇ ഓട്ടോകളിലും ടാക്‌സികളിലുമാണ് പ്രതിനിധികളെ സമ്മേളനവേദിയായ ഗ്രാൻഡ് ഹയാത്തിൽ എത്തിച്ചത്. പ്രത്യേക ആപ്പ് രൂപകല്പന ചെയ്താണ് ഗതാഗതം, പാർക്കിംഗ്, സമ്മേളനവേദികൾ, വിഷയങ്ങൾ എന്നിവ നിയന്ത്രിച്ചിരുന്നത്. മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിൽ പ്രതിനിധികൾക്ക് ലഭ്യമാകുന്ന വിധത്തിലാണ് ആപ്പിൽ ഉൾപ്പെടുത്തിയത്.
പന്തൽ അതിവസ്തൃതം
രണ്ടു ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ ശീതീകരിച്ച പന്തലാണ് സമ്മേളനത്തിനായി ഹയാത്തിൽ ഒരുക്കിയത്. സമ്മേളനത്തിന് മാർച്ച് മുതൽ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് അവരുടേതായ വിഭവങ്ങൾ ഒരുക്കി. ഹയാത്തിന്റെ 300 ലധികം ഷെഫുമാരാണ് ഭക്ഷണം ഒരുക്കിയത്. സഹായിക്കാൻ 300 പേരുടെ സംഘവും പ്രവർത്തിച്ചു.
മുന്നൊരുക്കം പ്രധാനം
വലിയതോതിൽ സമ്മേളനം സംഘടിപ്പിച്ചാൽ കൊച്ചിക്കുൾക്കൊള്ളാൻ സാധിക്കുമോയന്ന ആശങ്ക തുടക്കത്തിലുണ്ടായിരുന്നു. മികച്ച മുന്നൊരുക്കം നടത്തിയാൽ എത്രവലിയ സമ്മേളനം നടത്താനും കൊച്ചി പര്യാപ്തമാണെന്ന് പെഡിക്കോൺ 2024 തെളിയിച്ചതായി സംഘാടക സമിതി ചെയർമാൻ ഡോ. സച്ചിദാനന്ദ കമ്മത്ത്, സെക്രട്ടറി ഡോ.എം. നാരായണൻ, ട്രഷറർ ഡോ. എം.ഐ ജുനൈദ് റഹ്മാൻ എന്നിവർ പറഞ്ഞു.
വിവിധ മേഖലകളിലായി ആയിരത്തോളം പേരാണ് പ്രവർത്തിച്ചത്. സമ്മേളന വേദിയിലടക്കം ശബ്ദം, വെളിച്ചും എന്നിവയ്ക്ക് 200പേർ ജോലിയ്ക്കെടുത്തു. ട്രാഫിക്ക് നിയന്ത്രണത്തിനായി 60 പേരെയും പ്രത്യേകമായി നിയോഗിച്ചിരുന്നു.
നിബു മാത്യു
മാനേജർ
ഗ്രാൻഡ് ഹയാത്ത്