അങ്കമാലി: പഴയ മുനിസിപ്പൽ ഓഫീസിന് എതിർവശത്ത് എസ്.ബി.ഐയ്ക്കു മുന്നിലെ ബസ് കാത്തുനിൽപ്പ് കേന്ദ്രം പൊളിച്ചുനീക്കി. പത്ത് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ബസ് കാത്തു നിൽപ്പ് കേന്ദ്രം ടൗണിൽ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പൊളിച്ചുമാറ്റിയത്.

വിവിധ റൂട്ടുകളിലേക്ക് പോകുന്ന ബസുകൾ വെയിറ്റിംഗ് ഷെഡിനു മുന്നിൽ ഏറെനേരം നിറുത്തിടുന്നത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. തറനിരപ്പിൽ നിന്ന് ഏറെ ഉയർത്തിയും ഫുട്പാത്ത് തടസപ്പെടുത്തിയും റോഡിലേക്ക് തള്ളി നിൽക്കും വിധത്തിലും വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ദേശീയപാതയിൽ നിലവിൽ പൊളിച്ചുമാറ്റിയ കാത്തിരുപ്പ് കേന്ദ്രത്തിൽ നിന്ന് 50 മീറ്റർ തെക്കോട്ട് മാറി വീതിയുള്ള സ്ഥലത്താണ് വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കേണ്ടിയിരുന്നത്. എന്നാൽ കടയുടമകളുടെ എതിർപ്പിനെ തുടർന്ന് അനുയോജ്യമല്ലാത്ത സ്ഥലത്ത് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കേണ്ടിവന്നു.

വെയിറ്റിംഗ് ഷെഡ് പൊളിച്ചു മാറ്റുന്നതിന് വേണ്ടി ദേശീയപാത അതോറിട്ടി, പൊലീസ്, നഗരസഭ, മോട്ടോർവാഹനവകുപ്പ് അധികാരികൾക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി യൂണിറ്റ് നിവേദനം നൽകിയിരുന്നു.