ആലുവ: ചരിത്രം കേവലം കാലത്തിന്റെ കണക്കുപുസ്തകമല്ലെന്നും മറിച്ച് തലമുറകളിലേക്ക് കൈമാറേണ്ട അഗ്നിയാണെന്നും ചരിത്ര സാക്ഷരത ഉറപ്പാക്കാനുള്ള സമഗ്രപദ്ധതിക്ക് രൂപം നൽകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കേരള ചരിത്ര കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആലുവ യു.സി കോളേജിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

വിദേശത്തേക്ക് കണ്ണും നട്ടിരിക്കുന്ന വിദ്യാർത്ഥികളിൽ നാടിന്റെ സ്വത്വ ബോധം ഇല്ലാതാവുന്നുണ്ട്. ഹിന്ദുത്വ ചരിത്ര നിർമ്മിതിയിലൂടെ ഏക ശിലാത്മക ദേശീയബോധം ഉണർത്താനുള്ള ശ്രമങ്ങളെ നാം ചെറുത്ത് തോൽപ്പിക്കണം. വൈവിധ്യങ്ങളെ ഉൾകൊള്ളുന്ന സാംസ്‌കാരിക അടയാളങ്ങൾ സംരക്ഷിക്കാൻ ചരിത്രകാരന്മാർക്ക് ഉത്തരവാദിത്വം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ബിരുദബിരുദാനന്തര തലങ്ങളിൽ കേരള ചരിത്ര പഠനം മലയാളത്തിലാക്കണമെന്ന് കേരള ചരിത്ര കോൺഗ്രസ് അംഗീകരിച്ച പ്രമേയം സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രൊഫ വി. കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു. 2024ൽ ദേശീയ ചരിത്ര കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സെബാസ്റ്റ്യൻ ജോസഫിനെ മന്ത്രി ആദരിച്ചു. ഡോ. എൻ. ഗോപകുമാരൻ നായർ രചിച്ച മലയാളി കണ്ട മഹാത്മജി എന്ന ഗ്രന്ഥം അഡ്വ. ജി. ശ്രീകുമാറിന് നൽകി മന്ത്രി പ്രകാശിപ്പിച്ചു.
ബർസാർ ഡോ. സിബു ഈപ്പൻ, അസി.പ്രൊഫ. ട്രീസ ദിവ്യ എന്നിവർ സംസാരിച്ചു. പ്രൊഫ. പുരുഷോത്തം അഗ്രവാൾ, ഡോ. കെ.എ. മഞ്ജുഷ എന്നിവർ പ്രഭാഷണം നടത്തി.