1

പള്ളുരുത്തി: അഴകിയകാവിലെ പാട്ടു താലപ്പൊലിയോടനുബന്ധിച്ച് നടക്കുന്ന കൊട്ടാരപ്പറ ഭക്തി നിർഭരമായി. ക്ഷേത്രത്തിൽ നിന്ന് പഴയ കൊട്ടാരമുറ്റത്ത് ആനപ്പുറത്ത് എഴുന്നെള്ളി വന്ന ഭഗവതിയെ ക്ഷേത്രം മേൽശാന്തി മനോജ് എമ്പ്രാന്തിരി നീരാഞ്ജനമുഴിഞ്ഞ് സ്വീകരിച്ചു. തുടർന്ന് കൊട്ടാരത്തിനുള്ളിൽ മേൽശാന്തിയുടെ കാർമ്മികത്വത്തിൽ നടന്ന പൂജകൾക്ക് ശേഷം ദേവസ്വം അധികാരി കെ.പി. ശ്രീദീപ് ഭഗവതിയുടെ മുന്നിൽ ആദ്യ പറ വഴിപാട് സമർപ്പിച്ചു. രാജഭരണകാലത്ത് കൊട്ടാരത്തിലെത്തുന്ന ഭഗവതിയുടെ എഴുന്നെള്ളിപ്പിന് രാജകുടുംബാംഗങ്ങളായിരുന്നു പറ നൽകിയിരുന്നത്.

രാജഭരണകാലത്തെ ആചാരങ്ങളെ മുൻ നിറുത്തിയാണ് ക്ഷേത്രത്തിന് സമീപമുള്ള കൊട്ടാരത്തിൽ പറയെടുപ്പ് നടക്കുന്നത്. രാജഭരണം മാറിയപ്പോൾ കൊട്ടാരം ദേവസ്വം ഓഫീസായി മാറി. എന്നാലും ആചാരങ്ങൾ തുടർന്നു. തുടർന്ന് മുതലിയാർ ഭാഗം രാമേശ്വര ക്ഷേത്രത്തിൽ ഇറക്കിപൂജയും നേദ്യവും നടത്തി. അവിടെയും പറയെടുപ്പ് നടന്നു. ദേവസ്വം അസി. കമ്മിഷണർ എം.ജി. യഹൂൽ ദാസ്, ഉപദേശക സമിതി പ്രസിഡന്റ് എ. ജി. സുര , സെക്രട്ടറി പി.എം. കൃഷ്ണൻ, വേണുഗോപാൽ തേവർ കാട്ട്, ഷൺമുഖൻ തുടങ്ങിയവർ നേതൃത്വം നൽകി.

അഴകിയകാവിലെ പറയ്ക്ക് ശേഷം സഹോദരി സ്ഥാനത്തുള്ള മട്ടാഞ്ചേരി പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലും പള്ളിയറക്കാവിലും പറയെടുപ്പ് നടന്നു. നൂറുകണക്കിന് ഭക്തജനങ്ങൾ പറ ചടങ്ങുകൾ ദർശിക്കാൻ എത്തിയിരുന്നു.