നെടുമ്പാശേരി: ജില്ലയിലെ പ്രധാന ജലസംഭരണികളിലൊന്നായ നെടുമ്പാശേരി പഞ്ചായത്തിലെ കാരക്കാട്ടുചിറയുടെ വികസനസാദ്ധ്യത തെളിയുന്നു. നവകേരള സദസിൽ പ്രദേശവാസികൾ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എന്നിവർ ചിറ സന്ദർശിക്കുമെന്ന് അറിയിച്ചു.

ചിറ കേന്ദ്രീകരിച്ച് പ്രാദേശിക ടൂറിസം പദ്ധതിയുടെ സാദ്ധ്യത വിലയിരുത്തി വിശദമായ റിപ്പോർട്ട് ടൂറിസം ഡയറക്ടർക്ക് നൽകും. കാരക്കാട്ടുകുന്ന് സ്വദേശി വി.കെ. രാജീവാണ് നവകേരള സദസിൽ പരാതി സമർപ്പിച്ചത്. കാരക്കാട്ടുചിറ വികസനത്തിന് പഞ്ചായത്ത് അംഗം അജിത അജയന്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തിയിരുന്നു.

പത്തേക്കറോളം വിസ്‌തൃതിയുള്ള കാരക്കാട്ടുചിറ ചിറ ജലസമൃദ്ധമാണ്. സമീപത്തെ വീടുകളിലെ കിണറുകളിൽ ജലലഭ്യത ഉറപ്പാക്കുന്നതും ചിറയാണ്. പക്ഷേ, ചിറയിലെ ജലസമ്പത്ത് സംരക്ഷിക്കാൻ അധികൃതർ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. നിലവിൽ പുല്ലും ആഫ്രിക്കൻ പായലും വളർന്ന് വെള്ളം കാണാത്തവിധം ചിറ മൂടിയിരിക്കുന്നു. ചിറയ്ക്കു ചുറ്റുമുള്ള വഴി നടക്കാനോ ചിറയിലേക്ക് ഇറങ്ങാനോ കഴിയാത്തവിധം കാടുപിടിച്ചു കിടക്കുകയാണ്. മാസങ്ങൾ കഴിഞ്ഞിട്ടും കാട് വെട്ടി മാറ്റാനോ പായൽ നീക്കി വെള്ളം സംരക്ഷിക്കാനോ നടപടിയെടുക്കുന്നില്ല. പുല്ലും പായലും ചീഞ്ഞാൽ വെള്ളം കൂടുതൽ മലിനമാകും.

നേരത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് ചിറയിലെ പായൽ വാരിയിരുന്നത്. എന്നാൽ ഇത്തരം ജോലികൾ തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത് ചിറശുചീകരണത്തിന് വിനയായി. പ്രദേശത്തെ കിണറുകളിലെ ഉറവ വറ്റിയപ്പോൾ 2003ൽ ചിറ ആദ്യമായി നവീകരിച്ചിരുന്നു.

ചിറയുടെ തുടർ വികസനരൂപരേഖയിൽ ചുറ്റുമുള്ള നടപ്പാത നവീകരിച്ച് ആളുകൾക്ക് നടക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കുക, ചുറ്റും പൂന്തോട്ടം ഒരുക്കുക, മത്സ്യം വളർത്തൽ, നീന്തൽ പരിശീലനം, ചിറയുടെ വശങ്ങൾ പൊക്കിക്കെട്ടി സംഭരണശേഷി വർദ്ധിപ്പിക്കുക എന്നിവ വിഭാവനം ചെയ്തിരുന്നെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല.