വില്ലനായി വെങ്ങോല ജംഗ്ഷൻ റോഡ് നവീകരണം
പെരുമ്പാവൂർ: വെളുക്കാൻ തേച്ചത് പാണ്ടായെന്ന പോലെയാണ് വെങ്ങോല ജംഗ്ഷന്റെ അവസ്ഥ.
പി.പി റോഡും മണ്ണൂർ പോഞ്ഞാശേരി റോഡും തമ്മിൽ സംഗമിക്കുന്ന വെങ്ങോല ജംഗ്ഷനിൽ റോഡ് നവീകരണം പൂർത്തിയായതോടെ വാഹനാപകടം തുടർക്കഥയാണ്. കഴിഞ്ഞ ദിവസവും രാവിലെ ജംഗ്ഷനിൽ കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിമുട്ടി കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ആർക്കും കാര്യമായ പരിക്കില്ല.
സിഗ്നൽ ലൈറ്റോ സീബ്രാ ലൈനോ അപകട മുന്നറിയിപ്പിനുള്ള സംവിധാനങ്ങളോ ഒന്നും തന്നെ ഇവിടെയില്ലാത്തതാണ് പ്രശ്നം. ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസ്, സഹകരണ ബാങ്ക്, കൃഷി ഓഫീസ്, അക്ഷയ സെന്റർ, സ്കൂൾ, ആശുപത്രി തുടങ്ങി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാണ് കവല.
യാത്രക്കാരെ വട്ടം കറക്കുന്ന വെങ്ങോല ജംഗ്ഷൻ എന്ന തലക്കെട്ടിൽ ജനുവരി 11ന് കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നുതന്നെ പഞ്ചായത്ത് പ്രസിഡന്റ് പ്രശ്നം പഞ്ചായത്ത്കമ്മിറ്റിയിൽ വച്ചിരുന്നു. വെങ്ങോല ജംഗ്ഷനിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് ലൈറ്റുകളും സീബ്രാ ക്രോസിംഗ് മുതലായ സുരക്ഷാ നടപടികൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കുകയും ബന്ധപ്പെട്ട അധികൃതർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
പഞ്ചായത്തിലെ തന്നെ പ്രധാന ജംഗ്ഷനുകളായ അല്ലപ്ര ജംഗ്ഷൻ, നായർ പീടിക ജംഗ്ഷൻ, പോഞ്ഞാശേരി കനാൽ ജംഗ്ഷൻ, തണ്ടേക്കാട് ജംഗ്ഷൻ, വളയൻചിറങ്ങര, പുളിയാമ്പിള്ളി, മുതലായ സ്ഥലങ്ങളിൽ കൂടെ ജനങ്ങളുടെ സുരക്ഷിതത്വം മുൻനിർത്തി കർശനമായ ട്രാഫിക് നിയന്ത്രണങ്ങൾ സുരക്ഷ ക്രമീകരണങ്ങളും മേൽപ്പറഞ്ഞ വാണിംഗ് സീബ്രാ ലൈനുകളും സ്ഥാപിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി, ട്രാഫിക് പൊലീസ്, കിഫ്ബി, മുതലായ ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിട്ടുണ്ട് എന്നും നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും
പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അറിയിച്ചിരുന്നു.
.................................
അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകാത്തതാണ് ഇന്നലെയും അപകടം സംഭവിക്കുവാൻ ഇടയാക്കിയത്.
നാട്ടുകാർ
...................................................
വെങ്ങോല ജംഗ്ഷൻ അപകടമുക്തമാക്കാൻ ആവശ്യമായ അടിയന്തര നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണം.
സണ്ണി തുരുത്തിയിൽ, റസിഡന്റ്സ് അസോസിയേഷൻ
വെങ്ങോല പഞ്ചായത്ത് തല പ്രസിഡന്റ്