
മൂവാറ്റുപുഴ: സമൂഹത്തിൽ എ.ഇ.ഒ ജീജ വിജയനെപ്പോലെ മാതൃകയായി ചിലരെങ്കിലും ഉണ്ടാകുമ്പോഴാണ് കുട്ടികളുടെ പഠനമികവുയർത്താൻ നവീന ആശയങ്ങൾ രൂപംകൊള്ളുന്നത്. ഉപജില്ലയിലെ അക്കാഡമിക നിലവാരം പരിശോധിക്കപ്പെട്ടപ്പോൾ പൊതുവിദ്യാലയങ്ങളിലെ കുറച്ചുകുട്ടികൾ അക്കാഡമിക് നിലവാരത്തിൽ താഴെയാണെന്ന് കണ്ടെത്തി. ഇവരെ എങ്ങനെ മികവുറ്റ വിദ്യാർത്ഥികളാക്കമെന്ന ആലോചനയിൽ കണ്ടെത്തിയതാണ് നൈറ്റ്‌ക്ലാസ്. നൈറ്റ്‌ക്ലാസ് പദ്ധതി തയ്യാറാക്കി സ്കൂളുകളെ അറിച്ചെങ്കിലും വേണ്ടത്ര ഗൗരവം ബന്ധപ്പെട്ടവർ കാണിച്ചില്ല. ഇതേത്തുടർന്ന് മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ഷെമീന ബീഗവുമായി എ.ഇ.ഒ ആശയവിനിമയം നടത്തി. തുടർന്ന് ഇവിടത്തെ കുട്ടികൾക്കായി എ.ഇ.ഒ നൈറ്റ്‌ക്ലാസ് തുടങ്ങുകയായിരുന്നു.
5.30 മുതൽ 8.30 വരെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ക്ലാസ്. സയൻസ് വിഷയങ്ങളാണ് പഠിപ്പിക്കുക. ഫോക്കസ് സ്കൂളായ മൂവാറ്റുപുഴ ഗവ.മോഡൽ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകാൻ എ.ഇ.ഒ കൈത്താങ്ങായി മാറിയതോടെ ഷെമീന ബീഗത്തിനും ആവേശമായി. ഇതോടെ നിരവധി സ്കൂളുകളിലെ അദ്ധ്യാപകർ സ്വയം മുന്നോട്ടുവരാനും ജീജ വിജയന്റെ പാത പിന്തുടരാനും തയ്യാറായി.
കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ജീജാവിജയൻ ഫാറൂഖ് ഗവ. ഗണപത് ഹൈസ്കൂളിലെ ഫിസിക്സ് അദ്ധ്യാപികയായിരുന്നു. മികച്ച സർവീസ് സംഘടനാ പ്രവർത്തക കൂടിയായ ജിജാ വിജയൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ കൺവീനർ കൂടിയാണ്.