
കൊച്ചി: പ്രതിപക്ഷം ഉന്നയിച്ച ആറ് പ്രധാന അഴിമതി ആരോപണങ്ങളിൽ ഒന്നിനുപോലും മറുപടി പറയാതെ എക്കാലത്തെയും ഏറ്റവും വലിയ ജീർണതയിലേക്ക് കുതിക്കുകയാണ് സി.പി.എമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.സി.എം.പി പതിനൊന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മറൈൻ ഡ്രൈവിലെ കെ.ആർ ഗൗരി അമ്മ നഗറിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
മുഖ്യമന്ത്രി പിണറായി ആർത്തിയെക്കുറിച്ചാണ് പ്രസംഗിക്കുന്നത്. ആർത്തിയെപ്പറ്റി പറയാൻ ഏറ്റവും യോഗ്യൻ പിണറായി തന്നെയാണ്. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷൻ അഴിമതിയും എ.ഐ ക്യാമറ അഴിമതിയും കെ-ഫോണിലെ വിവാദവും മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ അഴിമതിയും മാസപ്പടിയും ഉൾപ്പെടെ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ളത്.ഹിറ്റ്‌ലറിനെയും സ്റ്റാലിനെയും പോലുള്ള ഏകാധിപതികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരുടെ വൈതാളികർ ഡൽഹിയിലും തിരുവനന്തപുരത്തുമുണ്ടെന്ന് സതീശൻ പറഞ്ഞു.
സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ മുഖ്യപ്രഭാഷണം നടത്തി. ബംഗാളിലെ പാർട്ടി ഫോർ ഡെമോക്രാറ്റിക് സോഷ്യലിസം പ്രതിനിധി സമീർ പുതുതണ്ട, ജെ.എസ്.എസ് നേതാവ് അഡ്വ. എ.എൻ. രാജൻ ബാബു, ഒറീസ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റ് അജയ് റാവത്ത്, യു.പിയിലെ നാഷനൽ ഡെമോക്രാറ്റിക് പീപ്പിൾസ് ഫ്രണ്ട് പ്രതിനിധി യോഗേന്ദ്ര യാദവ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ അതിഥികളായി. സി.എം.പി നേതാക്കളായ സി.എ സമീർ, സി.എൻ വിജയകുമാർ, എം.പി സാജു, പി.ആർ.എൻ നമ്പീശൻ, കൃഷ്ണൻ കോട്ടുമല, വി.കെ രവീന്ദ്രൻ, കെ. സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.
രാജേന്ദ്ര മൈതാനിയിൽ നിന്ന് ആരംഭിച്ച ആയിരങ്ങൾ പങ്കെടുത്ത റാലി മറൈൻഡ്രൈവിൽ സമാപിച്ചു. റെഡ് വളണ്ടിയർമാർ, പ്രവർത്തകർ എന്നിവർ അണിനിരന്ന റാലി നഗരത്തെ ചുവപ്പണിയിച്ചു.ഇന്ന് ടൗൺ ഹാളിലെ എം.വി.ആർ നഗറിൽ രാവിലെ 9ന് പി.ആർ.എൻ നമ്പീശൻ പതാക ഉയർത്തും. എച്ച്.എം.എസ് അഖിലേന്ത്യാ സെക്രട്ടറി തമ്പാൻ തോമസ് മുഖ്യാതിഥിയാകും. പ്രതിനിധി സമ്മേളനം സി.പി. ജോൺ ഉദ്ഘാടനം ചെയ്യും.