
കൊച്ചി: നാനൂറ് കോടി രൂപയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ മുഴുവൻ കണ്ണികളെയും കണ്ടെത്താനാകാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വായ്പാതട്ടിപ്പിലെ കമ്മിഷൻ തുക കടത്തിയെന്ന് കരുതുന്ന അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരെ തിരിച്ചറിയാൻ കഴിയാത്തതും നേതാക്കളുടെ പങ്കിന് വ്യക്തമായ തെളിവ് ലഭിക്കാത്തതും ഇ.ഡിയെ വലയ്ക്കുകയാണ്.
അറസ്റ്റിലായ പി.ആർ. അരവിന്ദാക്ഷൻ സമർപ്പിച്ച ജാമ്യഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണം നീളുന്നതിലും കൂടുതൽ പ്രതികളെ അറസ്റ്റു ചെയ്യാത്തതിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 55 പ്രതികളെ ഉൾപ്പെടുത്തിയാണ് ഇ.ഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. നാലു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
നിയമവിരുദ്ധ വായ്പകളുടെ കമ്മിഷനായും മറ്റും 100 കോടി രൂപയോളം കടത്തിയ 25ലേറെ അക്കൗണ്ടുകളെക്കുറിച്ചാണ് അന്വേഷണം തുടരുന്നത്. സി.പി.എമ്മിനും നേതാക്കൾക്കും വേണ്ടി തട്ടിപ്പുപണം കടത്താനുപയോഗിച്ചതായി കരുതുന്ന ഈ അക്കൗണ്ടുകളിൽ നാലെണ്ണത്തിന്റെ വിശദാംശം മാത്രമേ ലഭിച്ചിട്ടുള്ളൂ.
നിയമവിരുദ്ധമായി അനുവദിച്ച വായ്പകൾക്ക് മൂന്നു മുതൽ അഞ്ചു വരെ ശതമാനം തുക കമ്മിഷനായി വാങ്ങിയെന്ന് ഇ.ഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്. വ്യക്തികളുടെയല്ലാതെ പാർട്ടി ഘടകങ്ങളുടെ പേരിലാണ് സംശയാസ്പദമായ അക്കൗണ്ടുകൾ. ബാങ്കിൽ ഇവയെക്കുറിച്ച് രേഖകളില്ല. ഇവ കൈകാര്യം ചെയ്തിരുന്നവരെ കണ്ടെത്തിയാലേ പണം എവിടെപ്പോയെന്ന് വ്യക്തമാകൂ. പാർട്ടിയുമായി ബന്ധമുള്ളവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു.
വായ്പാതട്ടിപ്പിൽ ഇടനിലക്കാരനായിരുന്ന കെ.എ. ജിജോർ, ഇ.ഡി മാപ്പുസാക്ഷികളാക്കിയ ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. അനിൽകുമാർ, മുൻമാനേജർ ബിജു കരിം എന്നിവരുടെ മൊഴികൾ പിന്തുടർന്നാണ് സംശയകരമായ അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കുന്നത്. അത് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് ഇ.ഡി നൽകുന്ന സൂചന.