കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (കെ.വി.വി.ഇ.എസ്) 29 ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന വ്യാപാര സംരക്ഷണമാർച്ചിനും വ്യാപാരസംഗമത്തിനും പിന്തുണ നൽകുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) അറിയിച്ചു.

ഉറവിട മാലിന്യ സംസ്‌കരണമടക്കമുള്ള വിഷയങ്ങൾ സംസ്ഥാനത്തെ ഭക്ഷ്യോത്പാദന വിതരണമേഖലയും നേരിടുന്ന പ്രശ്‌നങ്ങളാണ്. ഇവയ്ക്കെല്ലാം ശാശ്വതപരിഹാരം കണ്ടെത്തി ചെറുകിട വ്യാപാരമേഖലയെ സംരക്ഷിക്കണമെന്നാണ് കെ.എച്ച്.ആർ.എയുടേയും നിലപാട്. എല്ലാ അംഗങ്ങളും സമരത്തിന് പിന്തുണനൽകി ഫെബ്രുവരി 13ന് കടകളടച്ച് സഹകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അഭ്യർത്ഥിച്ചു.