കൊച്ചി: പാർലമെന്റ് സമ്മേളനം നടക്കുന്ന നാളെ മുതൽ ഫെബ്രുവരി 9വരെ രാജ്യത്തെ മുഴുവൻ പ്രൊവിഡന്റ് ഫണ്ട് റീജിയണൽ ഓഫീസുകൾക്ക് മുന്നിലും റിലേ സത്യഗ്രഹസമരം നടത്തുമെന്ന് പി.എഫ് പെൻഷണേഴ്സ് അസോസിയേഷൻ അറിയിച്ചു.
കുറഞ്ഞ പെൻഷൻ 9,000 രൂപയാക്കുക, ക്ഷാമബത്ത ഏർപ്പെടുത്തുക, പി.എഫ് അംഗങ്ങൾക്ക് വിവേചനരഹിതമായി ഹയർഓപ്ഷൻ നടപ്പാക്കുക, മുഴുവൻ സർവീസ് കാലാവധിയും പെൻഷന് പരിഗണിക്കുക, പെൻഷൻ കാൽക്കുലേഷനിൽ വരുത്തിയ മാറ്റം പിൻവലിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
കൊച്ചി, കണ്ണൂർ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം റീജിയണൽ ഓഫീസുകൾക്ക് മുമ്പിലും രണ്ടുദിവസം റിലേ സത്യഗ്രഹം നടത്തും. അനുകൂലനിലപാട് സ്വീകരിച്ചില്ലെങ്കിൽ 76 ലക്ഷം പെൻഷൻകാരും കുടുംബാംഗങ്ങളും ലോക‌്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെ വിധിയെഴുതുമെന്ന് പി.എഫ്.പി.എ സംസ്ഥാന പ്രസിഡന്റ് ടി.പി.ഉണ്ണിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി ഡി.മോഹനൻ എന്നിവർ അറിയിച്ചു.