കൊച്ചി: കൊച്ചി കോർപ്പറേഷനിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തെ ചൊല്ലി സി.പി.എം - സി.പി.ഐ യുദ്ധം മുറുകുന്നു. ബഡ്ജറ്റിന് അംഗീകാരം നൽകാൻ വേണ്ടി ഇന്ന് വിളിച്ചിരുന്ന ഫിനാൻസ് കമ്മിറ്റിയുടെ സുപ്രധാന യോഗം റദ്ദാക്കി. തർക്കം തുടർന്നാൽ ബഡ്ജറ്റ് അവതരണവും പ്രതിസന്ധിയിലാകും.

ഫിനാൻസ് കമ്മിറ്റി അംഗീകരിച്ചാൽ മാത്രമേ ബഡ്ജറ്റ് അവതരിപ്പിക്കാനാകൂ. ഈ കമ്മിറ്റിയുടെ ചെയർമാൻ സി.പി.ഐയുടെ ഡെപ്യൂട്ടി മേയർ കെ.എൻ. അൻസിയയാണ്. ഇവരാണ് കൗൺസിലിൽ ബഡ്ജറ്റ് അവതരിപ്പിക്കേണ്ടത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ ഫിനാൻസ് കമ്മിറ്റി യോഗം മാറ്റിവയ്ക്കുന്നതെന്ന് ചെയർമാന്റെ നോട്ടീസിൽ പറയുന്നു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം മൂന്ന് വർഷത്തേക്ക് സി.പി.എമ്മും പിന്നീട് സി.പി.ഐയും പങ്കിടുമെന്നായിരുന്നു എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി ധാരണ. മൂന്നുവർഷം കഴിഞ്ഞിട്ടും സ്ഥാനമൊഴിയാൻ സി.പി.എം തയ്യാറാകാത്തതാണ് പ്രശ്നം. രണ്ട് മൂന്നു വട്ടം കൂടിയാലോചനകൾ കഴിഞ്ഞിട്ടും തർക്കം ഒത്തുതീർന്നില്ല. തുടർന്നാണ് ഫിനാൻസ് കമ്മിറ്റി യോഗം മാറ്റിയത്. ഫെബ്രുവരി 8,9 തീയതി​കളി​ൽ ബഡ്ജറ്റ് സമ്മേളനം വി​ളി​ക്കാനാണ് സി​.പി​.എം. തീരുമാനം.

74 അംഗ കൗൺസിലിൽ നാല് സി.പി.ഐ. അംഗങ്ങളാണുള്ളത്. സി.പി.എമ്മിന് 29 പേരും. നാലംഗങ്ങളുടെ ബലത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സി.പി.ഐയ്ക്ക് നൽകേണ്ടതില്ലെന്നാണ് ഇപ്പോൾ സി.പി.എം നിലപാടെന്ന് സി.പി.ഐ വൃത്തങ്ങൾ പറയുന്നു. എന്നാൽ വാക്കാലുള്ള ധാരണ മാത്രമാണുള്ളതെന്നും സാഹചര്യങ്ങൾ മാറി​യതി​നാൽ ധാരണകളിലും മാറ്റം വേണമെന്നാണ് സി​.പി​.എം നി​ലപാട്. ലോക്‌സഭാ തി​രഞ്ഞെടുപ്പ് അടുത്തതി​നാൽ പ്രശ്നം എങ്ങി​നെയും പരി​ഹരി​ക്കാനുള്ള ശ്രമങ്ങളി​ലാണ് ജി​ല്ലാ നേതൃത്വങ്ങൾ.

കോർപ്പറേഷൻ തി​രഞ്ഞെടുപ്പി​ൽ രണ്ട് സ്വതന്ത്രരുടെ പി​ന്തുണയോടെയാണ് ഇടതുമുന്നണി​ അധി​കാരത്തി​ലേറി​യത്. എട്ട് സ്റ്റാൻഡിംഗ് കമ്മി​റ്റി​കളി​ൽ രണ്ടെണ്ണം മാത്രമാണ് മേയർ സ്ഥാനം കൂടാതെ ഇപ്പോൾ സി​.പി​.എമ്മി​ന്റെ പക്കലുള്ളത്. അട്ടി​മറി​കളെ തുടർന്ന് അഞ്ച് കമ്മി​റ്റി​കളും മുന്നണി​യി​ൽ നി​ന്ന് കൈവി​ട്ടുപോയി​. ഇതി​ലൊന്ന് ബി​.ജെ.പി​. പി​ടി​ച്ചെടുത്തു. ഒന്ന് വീതം യു.ഡി​.എഫി​ലെ ആർ.എസ്.പി​യും ജനതാദളി​ലെ ഷീബാലാലും നേടി​. ടൗൺ​ പ്ളാനിംഗ് കമ്മി​റ്റി​യി​ലെ സി​.പി​.എം ചെയർമാൻ എം.എച്ച്.എം. അഷറഫ് കാലുമാറി​യതി​നെ തുടർന്ന് കോൺ​ഗ്രസ് വി​മതൻ ജെ.സനൽമോൻ കൈയടക്കി​. സനൽമോൻ ഇപ്പോൾ എൽ.ഡി​.എഫ് പാളയത്തി​ലാണ്. അഷറഫ് വീണ്ടും എൽ.ഡി​.എഫി​നൊപ്പമെത്തി​. ഹെൽത്ത് കമ്മി​റ്റി​ ചെയർമാൻ ടി​.കെ.അഷറഫ് ലീഗ് വി​മതനായി​ ജയി​ച്ചതാണെങ്കി​ലും ഇപ്പോൾ വീണ്ടും യു.ഡി​.എഫി​ലേക്ക് മടങ്ങി​.

സ്റ്റാൻഡിംഗ് കമ്മി​റ്റി​കൾ

• വി​കസനം : പി​.ആർ. റനീഷ് : സി​.പി​.എം.

• വി​ദ്യാഭ്യാസം : വി​.എ.ശ്രീജി​ത്ത് : സി​.പി​.എം.

• ധനം : കെ.എ.അൻസി​യ : സി​.പി​.ഐ.

• ക്ഷേമം : ഷീബാ ലാൽ : ജനതാ ദൾ

• ആരോഗ്യം : ടി​.കെ.അഷറഫ് : സ്വതന്ത്രൻ

• വർക്സ് : സുനി​ത ഡി​ക്സൺ​ : ആർ.എസ്.പി​.

• ടൗൺ​ പ്ളാനിംഗ് : ജെ.സനി​ൽമോൻ : സ്വതന്ത്രൻ
• ടാക്സ് അപ്പീൽ : അഡ്വ. പ്രി​യ പ്രശാന്ത് : ബി​.ജെ.പി​.