കൊച്ചി: ഏകീകൃത കുർബാന അർപ്പണ വിഷയത്തിൽ സിനഡ് തീരുമാനം നടപ്പാക്കാത്ത എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരിനേയും രൂപത കുരിയയേയും മാറ്റിനിറുത്തണമെന്ന് വിശ്വാസ സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

വിമതവൈദികർക്കും അൽമായർക്കുമെതിരെ സഭയുടെ കാനോനിക നിയമപ്രകാരം ശിക്ഷാനടപടി സ്വീകരിക്കണം. ഇത്തരം കാര്യങ്ങളിൽ അടിയന്തരമായി തീരുമാനമെടുക്കുകയും സഭയോടൊപ്പം നിൽക്കുന്ന വിശ്വാസികളെ സംരക്ഷിച്ച് സഭയുടെ കെട്ടുറപ്പ് വിശ്വാസികളേയും പൊതുസമൂഹത്തേയും ബോദ്ധ്യപ്പെടുത്തണം. അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാൻ കഴിയാത്തതിൽ സിറോമലബാർ സഭയിലെ മുഴുവൻ മെത്രാന്മാർക്കും കൂട്ടുത്തരവാദിത്വമുണ്ട്. ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ നിസംഗത വെടിഞ്ഞ് വിശ്വാസികൾക്കൊപ്പം നിൽക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

സമിതി ചീഫ് കോ-ഓർഡിനേറ്റർ ഡോ. എം.പി. ജോർജ്, ഭാരവാഹികളായ പോൾ ചെതലൻ, ബാബു ആട്ടുകാരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.