പറവൂർ: പാലാതുരുത്ത് മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയുടെ എം.എ.പി ഗോൾഡൻ അച്ചീവ്മെന്റ് അവാർഡുകൾ വിതരണം ചെയ്തു. അവാർഡ്ദാന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘമിത്ര പ്രസിഡന്റ് എം.പി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസരംഗത്ത് ഉന്നതിയിലെത്തിയ വ്യക്തികൾക്കുള്ള ഗുരുശ്രേഷ്ഠ പുരസ്കാരം ഡോ. ആർ.എൽ.വി രാമകൃഷ്ണനും വ്യവസായരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കായുള്ള ഗുരുരത്ന അവാർഡ് പറവൂർ സംഗമം ഫേബ്രിക്സ് ഉടമ സി.എച്ച്. വിമലിനും കർഷകർക്കായുള്ള ഗുരുമിത്ര അവാർഡ് പാലാതുരുത്ത് കൈപ്പിള്ളി കെ.എ. ഇസ്മയിലിനും സമ്മാനിച്ചു. പെൻഡ്രൈവ് എന്ന ലോകത്തിലെ ഏറ്റവും വലിയ ചെറുകവിതാ സമാഹരത്തിന്റെ രചനയിൽ പങ്കാളിയായ എം.ആർ. സുദർശനനെ ആദരിച്ചു. ചേന്ദമഗംലം പഞ്ചായത്ത് പ്രസിഡന്റ് ലീല വിശ്വൻ, മുൻ എം.പി കെ.പി. ധനപാലൻ, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ എം.ആർ. സുദർശനൻ, ഹരി സംഗമം എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി സ്വാമി പ്രണവസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ വിശ്വശാന്തിയജ്ഞവും പ്രതിഷ്ഠാ വാർഷികവും സംഘമിത്ര ഹാളിൽ തുടങ്ങി. ഇന്ന് രാവിലെ പത്തിന് സമൂഹപ്രാർത്ഥന, കാഞ്ഞിരമറ്റം നിത്യനികേതൻ ആശ്രമത്തിലെ ശബരി നിത്യചിൻമയിയുടെ അനുഗ്രഹപ്രഭാഷണം, തുടർന്ന് എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥന്റെ പ്രഭാഷണം. ഉച്ചയ്ക്ക് പ്രസാദഊട്ടോടെ സമാപിക്കും.